കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ഉണ്ടായ പ്രതിഷേധങ്ങളെ തുടര്‍ന്ന്, ആർജി കാർ ആശുപത്രിക്ക് പുറത്ത് പൊതുയോഗങ്ങൾക്ക് കൊൽക്കത്ത ഭരണകൂടം നിരോധനം ഏര്‍പ്പെടുത്തി. അടുത്ത 7 ദിവസത്തേക്ക് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചുറ്റും പ്രതിഷേധങ്ങളോ റാലികളോ ജാഥകളോ ധർണകളോ പ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ഭരണകൂടം അറിയിച്ചു. കൊൽക്കത്ത എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റും പോലീസ് കമ്മീഷണറുമായ വിനീത് ഗോയൽ ആണ് ഉത്തരവ് പ്രഖ്യാപിച്ചത്.
ട്രെയിനി ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വ്യാപകമായ പ്രതിഷേധത്തിൻ്റെ പ്രഭവകേന്ദ്രമാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ.
ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു. ആശുപത്രിയിലെ ആ്രകമണത്തിന് പിന്നാലെ കോടതിയിലേയ്ക്ക് തുടർച്ചയായി ഇമെയിൽ വന്നതിന് പിന്നാലെയാണ് കോടതി കേസ് ലിസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
‘കഴിഞ്ഞ ദിവസം ആശുപത്രിയിൽ നടന്ന അക്രമ സംഭവങ്ങൾ ഭരണകൂടത്തിന്റെ സമ്പൂർണ പരാജയത്തെയാണ് കാണിക്കുന്നത്. പോലീസുകാർ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ, ജനങ്ങളെ സംരക്ഷിക്കാൻ അവർക്ക് കഴിഞ്ഞില്ലേ.. സംസ്ഥാന സർക്കാരിൽ വലിയ നിരാശ തോന്നുന്നു. എങ്ങനെയാണ് ഡോക്ടർമാർ ഭയമില്ലാതെ ജോലി ചെയ്യുക’- സംസ്ഥാന സർക്കാരിനെ വിമർശിച്ചുകൊണ്ട് ഹൈക്കോടതി പറഞ്ഞു.
Discussion about this post