ന്യൂഡൽഹി: വനിതാ ഡോക്ടറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്യത്തുടനീളമുണ്ടാകുന്ന അക്രമസംഭവങ്ങളിൽ ഇടപെട്ട് കേന്ദ്രം. ഓരോ സംസ്ഥാനങ്ങളിലെയും ക്രമസമാധാന നില സംബന്ധിച്ച്ഓരോ രണ്ട് മണിക്കൂറിലും റിപ്പോർട്ട് നൽകണമെന്ന് ആഭ്യന്തര വകുപ്പ് നിർദേശിച്ചു. സംസ്ഥാനങ്ങളിലെ ക്രമസമാധാന നില നിരന്തരം നിരീക്ഷിക്കേണ്ടതാണെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
എല്ലാ സംസ്ഥാനങ്ങളിലെയും പോലീസ് സേനകൾക്ക് ഓരോ രണ്ട് മണിക്കൂറിലും ഇമെയിൽ, ഫാക്‌സ് അല്ലെങ്കിൽ വാട്‌സ് ആപ്പ് വഴി പോലും റിപ്പോർട്ട് അയക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.
കൊൽക്കത്തയിൽ വനിതാ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിന് പിന്നാലെ, ഉണ്ടായ പ്രതിഷേധങ്ങളെ തുടർന്ന്, ആർജി കാർ ആശുപത്രിക്ക് പുറത്ത് കൊൽക്കത്ത ഭരണകൂടം നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അടുത്ത 7 ദിവസത്തേക്ക് മെഡിക്കൽ കോളേജ് ആശുപത്രിക്ക് ചുറ്റും പ്രതിഷേധങ്ങളോ റാലികളോ ജാഥകളോ ധർണകളോ പ്രകടനങ്ങളോ അനുവദിക്കില്ലെന്ന് ഭരണകൂടം അറിയിച്ചു. കൊൽക്കത്ത എക്സിക്യൂട്ടീവ് മജിസ്ട്രേറ്റും പോലീസ് കമ്മീഷണറുമായ വിനീത് ഗോയൽ ആണ് ഉത്തരവ് പ്രഖ്യാപിച്ചത്.
ട്രെയിനി ഡോക്ടർക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് നടക്കുന്ന വ്യാപകമായ പ്രതിഷേധത്തിന്റെ പ്രഭവകേന്ദ്രമാണ് കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജ് ആൻഡ് ഹോസ്പിറ്റൽ. ആശുപത്രിയ്ക്ക് നേരെയുണ്ടായ ആക്രമണത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി രൂക്ഷ വിമർശനം നടത്തിയിരുന്നു. ആശുപത്രിയിലെ ആ്രകമണത്തിന് പിന്നാലെ കോടതിയിലേയ്ക്ക് തുടർച്ചയായി ഇമെയിൽ വന്നതിന് പിന്നാലെയാണ് കോടതി കേസ് ലിസ്റ്റ് ചെയ്തതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഭരണകൂടത്തിന്റെ സമ്പൂർണ പരാജയമാണ് ഇതെന്നും കോടതി നിരീക്ഷിച്ചു.
Discussion about this post