തിരുവനന്തപുരം: വിമർശകർ തന്നെ ഒരു ഐഎഎസ് ഓഫീസർ ആയിട്ടല്ല, ഭർത്താവിന്റെ നിഴലിൽ ജീവിക്കേണ്ട ഒരാളായാണെന്ന് വിഴിഞ്ഞം തുറമുഖ എംഡി ദിവ്യ എസ് അയ്യർ. ഐഎഎസ് കിട്ടുന്നതിന മുൻപും ശേഷവും തന്നിൽ പ്രത്യേകിച്ച് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന് ഉറപ്പാക്കാൻ താൻ ശ്രദ്ധിച്ചിട്ടുണ്ട് എന്നും അവർ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ദിവ്യ എസ് അയ്യർ.
‘ഐഎഎസ് ഓഫീസർ ആകുന്നതിന് മുമ്പ് എന്തെല്ലാം ചെയ്‌തോ അതെല്ലാം ഇപ്പോഴും ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നുണ്ട്. ഐഎഎസ് എന്നത് എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു. ഇപ്പോൾ എനിക്ക് വലിയൊരു കുടുംബമുണ്ടെന്ന് തമാശയായി ഞാൻ എന്റെ കുടുംബത്തോട് പറയാറുണ്ട്. ഐഎഎസ് തിരഞ്ഞെടുക്കുന്നതിന് മുൻപും ശേഷവും ഒരുപോലെ തുടരാൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ, അത് ഒരുപോലെ ഗുണവും ദോഷവുമാണ്’- ദിവ്യ എസ് അയ്യർ പറഞ്ഞു.
‘വ്യത്യസ്ത അഭിപ്രായങ്ങൾ ഉള്ളവരാണ് ഓരോ ആളുകളും. എല്ലാവർക്കും നമ്മളെ ഇഷ്ടപ്പെടണമെന്നില്ല. എന്നാൽ, അതൊന്നും കാര്യമാക്കേണ്ട കാര്യമില്ല. നല്ല ഉദ്ദേശ്യത്തോടെ ചെയ്ത പ്രവൃത്തിയെ ആളുകൾ വിമർശിക്കുന്നതിൽ വിഷമിക്കേണ്ട കാര്യമില്ല എന്ന സ്വാമി വിവേകാനന്ദന്റെ വാക്കുകളിലാണ് ഞാൻ വിശ്വസിക്കുന്നത്. വിഴിഞ്ഞം തുറമുഖ ഉദ്ഘാടന വേളയിൽ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു. എന്നാൽ, എന്റെ ബോധ്യത്തിന്റെയും അനുഭവത്തിന്റെയും അടിസ്ഥാനത്തിലാണ് അത് പറഞ്ഞത്. വിമർശകർ എന്നെ ഒരു ഐഎഎസ് ഓഫീസർ ആയിട്ടല്ല കാണുന്നത്. ഭർത്താവിശന്റ നിഴലിൽ കഴിയേണ്ട ഒരു സ്ത്രീ ആയിട്ടാണ്’- ദിവ്യ കൂട്ടിച്ചേർത്തു.
ഒരു സ്ത്രീയെന്നത് ആളുകളുമായി കൂടുതൽ എളുപ്പത്തിൽ ഇടപഴകാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു. പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിൽ കൂടുതൽ ഇടപെടാൻ കഴിയാറുണ്ട്. ജോലിസ്ഥലത്ത് തനിക്ക് ലിംഗ വിവേചനമൊന്നും നേരിടേണ്ടി വന്നിട്ടില്ല. എന്നാൽ, ഒരു സ്ത്രീയെന്ന നിലയിൽ സമൂഹത്തിലെ എല്ലാ സ്ത്രീകളും നേരിടുന്നതു പോലെയുള്ള വെല്ലുവിളികൾ താനും നേരിടാറുണ്ടെന്നും ദിവ്യ എസ് അയ്യർ വ്യക്തമാക്കി.
Discussion about this post