ന്യൂഡൽഹി: കാഴ്ചയ്ക്ക് സുന്ദരന്മാരാണ് പൂച്ചകൾ. അതുകൊണ്ട് തന്നെ ഭൂരിഭാഗം പേരും പൂച്ചകളെ വീട്ടിൽ വളർത്താറുണ്ട്. എന്നാൽ നമ്മുടെ ഫർണീച്ചറുകളും വാഹനത്തിന്റെ സീറ്റുകളുമെല്ലാം നഖം കൊണ്ട് കീറി ഇവ നമുക്ക് തലവേനയും സൃഷ്ടിക്കാറുണ്ട്. എന്തുകൊണ്ടാണ് പൂച്ചകൾ ഇത്തരത്തിൽ ഫർണീച്ചറുകളും വാഹനത്തിന്റെ സീറ്റുകളുമെല്ലാം മാന്തി നശിപ്പിക്കുന്നത്?.
പൂച്ചകളുടെ ഈ സ്വഭാവത്തിന് പിന്നിൽ ഒരു കാരണം ഉണ്ടെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്. അങ്കാര യൂണിവേഴ്‌സിറ്റിയിലെ വെറ്റിനറി ഗവേഷകയായ യെസ്മിൻ സാൽഗിരി ഡെമിർബാസ് ആണ് ഇതുമായി ബന്ധപ്പെട്ട പഠനം നടത്തിയിരിക്കുന്നത്. പൂച്ചകൾക്ക് കുട്ടികളുടേതിന് സമാനമായ സ്വഭാവ സവിശേഷതകളാണ് ഉള്ളതെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. വീട്ടിൽ കുട്ടികൾ ഉണ്ടെങ്കിൽ പൂച്ചകൾ കൂടുതൽ പ്രശ്‌നക്കാരാകും എന്നും പഠനത്തിൽ വ്യക്തമാക്കുന്നു.
പോർച്ചുഗൽ, കാനഡ, ഫ്രാൻസ് എന്നവിടിങ്ങളിലാണ് യെസ്മിനും സംഘവും പഠനം നടത്തിയത്. 1,200 ഓളം പൂച്ചകളെ ഇതിനായി പഠന വിധേയം ആക്കി. കാണുന്ന വസ്തുക്കളിലെല്ലാം മാന്തുക എന്നത് പൂച്ചകളുടെ പൊതു സ്വഭാവം ആണ്. എന്നാൽ ചെറിയ കുട്ടികളും അവരുടെ കുസൃതികളും പൂച്ചകളെ സ്വാധീനിയ്ക്കും. ഇത് പൂച്ചകളിലെ ഇത്തരം സ്വഭാവത്തിന്റെ തീവ്രത വർദ്ധിപ്പിക്കും. ഇത് പൂച്ച കൂടുതൽ സാധനങ്ങൾ മാന്തി നശിപ്പിക്കാൻ ഇടവരുത്തും. പൂച്ചകൾക്കുണ്ടാകുന്ന സമ്മർദ്ദം ആണ് മറ്റൊരു ഘടകം. സമ്മർദ്ദം ഉള്ള പൂച്ചകൾ ആണ് ആളുകളെ ഉൾപ്പെടെ ആക്രമിക്കുന്നത് എന്നും പഠനം വ്യക്തമാക്കുന്നു.
പൂച്ചകളിലെ ഈ സ്വഭാവം എങ്ങനെ മാറ്റിയെടുക്കാമെന്നും പഠനം നിർദ്ദേശിക്കുന്നു. പൂച്ചകൾക്കൊപ്പം കൂടുതൽ സമയം ചിലവഴിക്കുകയാണ് ഇതിനുള്ള പ്രധാനവഴി. പൂച്ചകളുമായി കളിക്കുന്നത് നന്നായിരിക്കും. ഇത് പൂച്ചകളിലെ സമ്മർദ്ദം കുറയ്ക്കും. പൂച്ചകളുടെ ഈ സ്വഭാവം പ്രകടമാക്കാനായി പ്രത്യേക സ്ഥലം ഒരുക്കി നൽകുന്നതും നന്നായിരിക്കും.
Discussion about this post