ന്യൂഡൽഹി : എല്ലാ കേന്ദ്ര സർക്കാർ ആശുപത്രികളിലും സുരക്ഷ 25 ശതമാനം വർദ്ധിപ്പിക്കാൻ അനുമതി നൽകി ആരോഗ്യ മന്ത്രാലയം. കൊൽക്കത്തയിലെ ആർജി കാർ ഹോസ്പിറ്റലിൽ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തെത്തുടർന്ന് ഡോക്ടർമാർ നടത്തുന്ന പ്രതിഷേധത്തിനിടെ ആണ് കേന്ദ്രത്തിന്റെ ഈ തീരുമാനം.
അധിക സുരക്ഷ കൂടാതെ, ജോലി സമയവും സാഹചര്യങ്ങളും, ഡ്യൂട്ടി റൂമുകളും കാൻ്റീൻ സേവനങ്ങളും ഉൾപ്പെടെയുള്ള സുരക്ഷ അവലോകനം ചെയ്യാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് (ഡിജിഎച്ച്എസ്) അധ്യക്ഷനായ ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. നിർബന്ധിത സുരക്ഷാ നടപടികളോടെ ആശുപത്രികളെ സുരക്ഷിത മേഖലകളായി പ്രഖ്യാപിക്കണമെന്നാണ് പ്രതിഷേധം നടത്തുന്ന ഡോക്ടർമാർ ആവശ്യപ്പെടുന്നത്.
നിലവിലുള്ള സ്റ്റാൻഡേർഡ് സെക്യൂരിറ്റി പ്രോട്ടോക്കോളുകൾക്ക് പുറമേ, സർക്കാർ ആശുപത്രികളിൽ നിന്നുള്ള വ്യക്തിഗത അഭ്യർത്ഥനകളുടെ കൂടി അടിസ്ഥാനത്തിൽ സുരക്ഷാ വിലയിരുത്തലുകൾ നടത്തുമെന്നാണ് കേന്ദ്രം അറിയിക്കുന്നത്. എല്ലാ വശങ്ങളും വിശദമായി പഠിച്ചശേഷം കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും എന്നും കേന്ദ്രം അറിയിച്ചു.
Discussion about this post