ന്യൂഡൽഹി: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ടിലേക്ക് തിരിച്ചു. ഇന്ന് രാവിലെയോടെ പ്രത്യേക വിമാനത്തിലാണ് അദ്ദേഹം പോളണ്ടിലേക്ക് തിരിച്ചത്. 45 വർഷങ്ങൾക്ക് ശേഷം ആദ്യമായിട്ടാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി പോളണ്ട് സന്ദർശിക്കുന്നത്.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള സൗഹൃദത്തിന്റെ 70ാം വാർഷികത്തോട് അനുബന്ധിച്ചാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. പോളണ്ട് പ്രധാനമന്ത്രിയുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. രാജ്യത്തെ ഇന്ത്യൻ സമൂഹവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. രണ്ട് ദിവസത്തെ സന്ദർശനം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി ഇവിടെ നിന്നും യുക്രെയിനിലേക്ക് പോകും.
മദ്ധ്യ യൂറോപിലെ പ്രധാന സാമ്പത്തിക ശക്തിയാണ് പോളണ്ട് എന്ന് യാത്രയ്ക്ക് മുന്നോടിയായി പ്രധാനമന്ത്രി എക്സിൽ കുറിച്ചു. ഇന്ത്യയും പോളണ്ടും തമ്മിലുള്ള നയതന്ത്രബന്ധത്തിന്റെ 70ാം വാർഷികത്തിന്റെ ഭാഗമായിട്ടാണ് തന്റെ സന്ദർശനം. ജനാധിപത്യവും വൈവിധ്യവും കാത്ത് സൂക്ഷിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പോളണ്ട് പ്രധാനമന്ത്രി ഡൊണാൾഡ് ടസ്ക്, പ്രസിഡന്റ് ആൻഡ്രേസ് ദൗഡ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പോളണ്ടിന്റെ ഇന്ത്യൻ സമൂഹവുമായി സംവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post