ന്യൂഡൽഹി : കേന്ദ്രമന്ത്രിയും ഭാരതീയ ജനതാ പാർട്ടി അദ്ധ്യക്ഷനുമായ ജെപി നദ്ദയുമായി കൂടിക്കാഴ്ച നടത്തി മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം. ദേശീയ തലസ്ഥാനത്ത് ബിജെപിയെ അറിയുക എന്ന പദ്ധതിയുടെ ഭാഗമായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് മലേഷ്യൻ പ്രധാനമന്ത്രി ഇന്ത്യയിൽ എത്തിയത്.
ബിജെപിയുടെ സ്ഥാപക ദിനമായ ഏപ്രിൽ ആറിന് പാർട്ടി ദേശീയ അദ്ധ്യക്ഷൻ ആരംഭിച്ചതാണ് ‘ബിജെപിയെ അറിയുക’ എന്ന പദ്ധതി. ഇന്ത്യയും മലേഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ സുപ്രധാന പുരോഗതിയെക്കുറിച്ച് ഇരുനേതാക്കളും ചർച്ച നടത്തി. വിദ്യാഭ്യാസം, തൊഴിൽ, ആയുർവേദം തുടങ്ങിയ മേഖലകളിൽ കൂടുതൽ സഹകരണത്തിനുള്ള സാധ്യതകളും ഇരിവരും ചർച്ച ചെയ്തു എന്നാണ് വിവരം.
ബിജെപിയെ അറിയുക എന്ന പദ്ധതിയുടെ ഭാഗമായി മലേഷ്യൻ പ്രധാനമന്ത്രിയെ കാണാൻ സാധിച്ചതിലും ചർച്ചകൾ നടത്താൻ സാധിച്ചതിലും അഭിമാനിക്കുന്നു എന്ന് ജെപി നദ്ദ പറഞ്ഞു. ഇന്ത്യ മലേഷ്യ ബന്ധം കൂടുതൽ ശക്തിപ്പെടുത്തും. ഞങ്ങളുടെ ചർച്ചകൾ പരസ്പര വളർച്ചയും സഹകരണവും പ്രേത്സാഹിപ്പിക്കും എന്നും ജെപി നദ്ദ കൂട്ടിച്ചേർത്തു.
യോഗത്തിൽ ബിജെപിയുടെ വിദേശ ചുമതലയുള്ള വിജയ് ചൗതൈവാലെയും നദ്ദയ്‌ക്കൊപ്പമുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് മലേഷ്യൻ പ്രധാനമന്ത്രി ഇന്ത്യ സന്ദർശിക്കാൻ എത്തിയത്.
Discussion about this post