എറണാകുളം : ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തേക്കു വന്നപ്പോൾ മാദ്ധ്യമങ്ങളിൽ എഴുതി വരുന്ന വാക്കുകൾ കേൾക്കുമ്പോൾ ഭയവും ഒപ്പം സങ്കടവും തോന്നുന്നു എന്ന് ഭാഗ്യലക്ഷ്മി. ഒരുപാട് നായികമാർ അവരുടെ സ്വപ്രയത്‌നം കൊണ്ട് കഴിവു കൊണ്ട് മുൻപോട്ടു വന്നവരാണ്. പക്ഷേ കിടന്നു കൊടുക്കാതെ മലയാള സിനിമയിൽ അവസരം കിട്ടില്ല എന്ന വാക്കൊക്കെ പ്രയോഗിക്കുമ്പോൾ അതു മുഴുവൻ ഫീൽഡിലെയും സ്ത്രീകളെയാണ് ബാധിക്കുന്നത് എന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു.
സ്ത്രീകൾ എവിടെയുണ്ടോ അവിടെയെല്ലാം സത്രീകൾ ചൂഷണം അനുഭവിക്കുന്നുണ്ട്. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് ചൂഷണമുണ്ട്. സിനിമയിൽ അത് കുറച്ചു കൂടുതൽ ആളുക്കൾ ശ്രദ്ധിക്കുന്നു എന്നുള്ളതാണ് എന്ന് അവർ കൂട്ടിച്ചേർത്തു.
ഇവിടെയുള്ള എല്ലാ പുരുഷൻമാരും സ്ത്രീകളെ ഉപദ്രവിക്കുന്നവരല്ല. നല്ല ആളുകളുമുണ്ട്. എന്നാൽ നമ്മൾ നല്ല ആളുകൾ എന്ന് വിചാരിക്കുന്നവരായിരിക്കും നമ്പർ വൺ ഫ്രോഡ്. എനിക്ക് സിനിമയിലുള്ള സ്ത്രീകളോട് പറയാനുള്ളത് നമ്മളെ ചൂഷണം ചെയ്യാൻ നോക്കി നിൽക്കുന്ന ഒരുപാട് ആളുകളുണ്ടാവും നമുക്കു ചുറ്റും. നമ്മൾ എപ്പോഴും കെയർഫുൾ ആയിരിക്കുക എന്നത് മാത്രമാണ്.
ഒരു കാലഘട്ടത്തിൽ ചിലർക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ട്. അന്നും അതിനെ എതിർത്ത് നിന്നവരൊക്കെ ഉണ്ട്. പക്ഷേ, സ്വാഭാവികമായും അവർ ആ പടത്തിൽ നിന്ന് മാറ്റി നിർത്തപ്പെടും. കഴിവുള്ളവരാണെങ്കിൽ എന്നെങ്കിലും ഒരിക്കൽ അവർ തിരിച്ചു വരും. പക്ഷേ, ഞാൻ ഹീറോയിൻ വോയിസ് ചെയ്തു തുടങ്ങിയ കാലത്ത് ശോഭന, രേവതി, കാർത്തിക, പാർവതി, ഉർവശി അതിനുശേഷം വന്ന സംയുക്ത ഇവരൊക്കെ നല്ല വിദ്യാഭ്യാസയോഗ്യതയുള്ളവരാണ്. അപ്പോൾ നല്ല കോൺഫിഡൻസോടു കൂടിയാണ് ഈ ഇൻഡസ്ട്രിയിലേക്കു വരുന്നത്. അവരെല്ലാം സാമ്പത്തികമായി ഉന്നത നിലവാരത്തിൽ ജീവിക്കുന്നവരാണ്. അങ്ങനെയുള്ളവരാണ് സിനിമയോടുള്ള ഇഷ്ടം കൊണ്ട് ഇതിലേക്കു വന്നത്. അവരെയൊക്കെ ഈ ഒരു പ്രസ്താവനയോടു കൂടി അടച്ച് അപമാനിക്കുന്നതു പോലെ എനിക്കു തോന്നുന്നു എന്നും ഭാഗ്യലക്ഷ്മി ചൂണ്ടിക്കാട്ടി.
Leave a Comment