ന്യൂഡൽഹി: ഉപഭോക്താക്കൾക്കായി ക്രെഡിറ്റ് ലൈൻ സേവനം ആരംഭിച്ച് ഓൺലൈൻ പേയ്‌മെന്റ് ആപ്പായ ഫോൺ പേ. ബാങ്കുകളുടെ ക്രെഡിറ്റ് ലൈൻ സേവനം ആപ്പുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ആണ് ഫോൺ പേ ഉപഭോക്താക്കൾക്കായി ഒരുക്കുന്നത്. പണമിടപാടുകൾ കൂടുതൽ സൗകര്യപ്രദം ആക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫോൺ പേയുടെ പുതിയ പ്രഖ്യാപനം.
ബാലൻസില്ലെങ്കിൽ ആവശ്യമുള്ള പണം കടമെടുക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്ന ബാങ്കിംഗ് സേവനം ആണ് ക്രെഡിറ്റ് ലൈൻ. കടം വാങ്ങിയ തുകയിൽ ചിലവായ തുകയുടെ പലിശ മാത്രം ഉപഭോക്താക്കൾക്ക് നൽകിയാൽ മതിയാകും. ഈ സേവനം യുപിഐയുമായി ബന്ധിപ്പിക്കാനാണ് ഫോൺ പേ ഉപഭോക്താക്കൾക്ക് സൗകര്യം ഒരുക്കിയിട്ടുള്ളത്.മെർച്ചെന്റ് പേയ്‌മെന്റ് ത്വരിതപ്പെടുത്തുകയാണ് ഇതിലൂടെ ഫോൺ പേയുടെ ലക്ഷ്യം.
അടുത്തിടെ യുപിഐ ഇടപാടുകൾക്ക് പ്രീ അപ്രൂവ്ഡ് ക്രെഡിറ്റ് ലൈനുകൾ റിസർവ് ബാങ്ക് അനുവദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഫോൺ പേയുടെ പ്രഖ്യാപനം. പ്രസ്താവനയിലൂടെയാണ് ഫോൺ പേ ഇക്കാര്യം അറിയിച്ചത്. സേവനങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും കമ്പനി വ്യക്തമാക്കി.
പ്രധാനമായും വ്യാപാരികളെ ലക്ഷ്യമിട്ടാണ് പുതിയ സേവനം ആരംഭിക്കുന്നത് എന്ന് ഫോൺ പേ വ്യക്തമാക്കി. ഇത് ഉപഭോക്താക്കൾക്ക് പണമയക്കാൻ ഒരു മാർഗ്ഗം കൂടിയാണ് തുറന്ന് നൽകുന്നത്. കച്ചവടം ഇതോടെ ത്വരിതപ്പെടും. ഇതിനായി വ്യാപാരികൾ തങ്ങളുടെ ക്രെഡിറ്റ് ലൈനുകൾ യുപിഐയുമായി ബന്ധിപ്പിക്കണം എന്നും ഫോൺ പേ അറിയിച്ചു.
Discussion about this post