തിരുവനന്തപുരം : ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ സ്വമേധയാ കേസെടുക്കാൻ ആവില്ലെന്ന് സംസ്ഥാന വനിത കമ്മീഷൻ. വിഷയവുമായി ബന്ധപ്പെട്ട പൊതു താൽപര്യ ഹർജിയിൽ ഹൈക്കോടതി സംസ്ഥാന വനിതാ കമ്മീഷനെ കക്ഷി ചേർത്ത വിവരം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞത് എന്നും വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചു.
പരാതിയുള്ളവർ മുന്നോട്ടു വരട്ടെ അപ്പോൾ കേസെടുക്കാം എന്നാണ് ഹേമ കമ്മറ്റി റിപ്പോർട്ടിന്മേൽ സംസ്ഥാന വനിതാ കമ്മീഷൻ സ്വീകരിച്ചിരിക്കുന്ന നിലപാട്. ഹേമ കമ്മറ്റി റിപ്പോർട്ടിൽ മൊഴി നൽകിയവർ പരാതിയുമായി മുന്നോട്ടു വന്നാൽ റിപ്പോർട്ടിന്റെ നിയമപരമായ സാധുത പരിശോധിച്ച് യുക്തമായ നിലപാട് സ്വീകരിക്കും എന്നാണ് പി സതീദേവി വ്യക്തമാക്കിയത്.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകപ്പെട്ട പൊതു താൽപര്യ ഹർജിയിലാണ് വനിതാ കമ്മീഷനേയും കക്ഷി ചേർത്തിട്ടുള്ളത്. എന്നാൽ കക്ഷി ചേർത്തതായി തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ല എന്നാണ് കമ്മീഷൻ അധ്യക്ഷ പി സതീദേവി പ്രതികരിച്ചത്. എല്ലാ തൊഴിൽമേഖലയിലും സ്ത്രീകൾക്ക് അന്തസ്സോടെയും അഭിമാനത്തോടെയും ജോലി ചെയ്യാനുള്ള സാഹചര്യത്തിനെ കമ്മീഷൻ പിന്തുണയ്ക്കുന്നു എന്നും സതീദേവി അറിയിച്ചു.
Discussion about this post