ഡല്‍ഹി: ഇസ്ലാമിക് സ്റ്റേറ്റ് അടക്കമുള്ള തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ട് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ നിജസ്ഥിതി പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷണസമിതിയെ നിയോഗിക്കണമെന്ന് വിവിധ മുസ്ലിം സംഘടനകള്‍. ഭീകരവിരുദ്ധ നടപടികളുടെ പേരില്‍ നിരപരാധികളായ മുസ്ലിം യുവാക്കളെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടുകയാണെന്നും സംഘടനകള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
ഐഎസ് ഭീഷണി നേരിടാന്‍ അന്വേഷണ ഏജന്‍സികള്‍ സ്വീകരിക്കുന്ന നടപടികള്‍ യാഥാര്‍ത്ഥത്തില്‍ വിപരീത ഫലങ്ങളുണ്ടാക്കുന്നത്. നിരപരാധികളായ മുസ്ലിം യുവാക്കള്‍ വേട്ടയാടപ്പെടുകയാണ്. 2014ല്‍ യുഎപിഎ പ്രകാരം അറസ്റ്റുചെയ്ത 141 പേരില്‍ 123 പേര് നിരപരാധികളാണെന്നു കോടതി കണ്ടെത്തിയിരുന്നു.
മക്കോക്ക, ടാഡ, യുഎപിഎ തുടങ്ങിയ ഭീകരവിരുദ്ധ നിയമങ്ങളുടെ മറവില്‍ മനുഷ്യാവകാശലംഘനങ്ങളാണ് നടക്കുന്നത്. ഭീകരവിരുദ്ധ കേസുകള്‍ക്കായി അതിവേഗ കോടതികള്‍ സ്ഥാപിക്കണം. തെറ്റായ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുന്ന അന്വേഷണ ഉദ്യാഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും കേസിലുള്‍പ്പെടുന്ന നിരപരാധികളെ സഹായിക്കാനും പ്രത്യേക നിയമമുണ്ടാക്കണമെന്നും ആറ് മുസ്ലിം സംഘടനകള്‍ സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
Discussion about this post