തിരുവനന്തപുരം; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി പേർ ദുരനുഭവങ്ങൾ വെളിപ്പെടുത്തിയ സാഹചര്യത്തിൽ ചലച്ചിത്ര മേഖലയിലെ സ്ത്രികൾ അനുഭവിക്കുന്ന ദുരനുഭവങ്ങളെക്കുറിച്ച് അന്വേഷിക്കാൻ ഒടുവിൽ തീരുമാനമെടുത്ത് സംസ്ഥാന സർക്കാർ. പല കോണുകളിൽ നിന്നും സർക്കാർ വേട്ടക്കാർക്കൊപ്പമാണെന്ന വിമർശനം ഉയർന്നതിന് പിന്നാലെയാണ് ധൃതിപിടിച്ചുള്ള നടപടി. പരാതി ലഭിക്കാതെ അന്വേഷണമില്ല എന്നായിരുന്നു മുൻ നിലപാട്. ഇതു തിരുത്തിയാണു അന്വേഷണത്തിനു തയാറാകുന്നത്.
ഐജി സ്പർജൻകുമാറിന്റെ നേതൃത്വത്തിൽ ഉയർന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട പ്രത്യേക അന്വേഷണസംഘമാണു സർക്കാർ രൂപീകരിച്ചത്. ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പോലീസ് എഐജി ജി.പൂങ്കുഴലി, കേരള പോലീസ് അക്കാദമി അസി. ഡയറക്ടർ ഐശ്വര്യ ഡോങ്ക്റെ, ക്രമസമാധാന ചുമതലയുള്ള എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരാണു സംഘത്തിലുള്ളത്. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ചുചേർന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണു തീരുമാനം. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷ് പ്രത്യേകസംഘത്തിനു മേൽനോട്ടം വഹിക്കും.
നിലവിൽ ആരോപണങ്ങളിൽ പ്രാഥമിക അന്വേഷണമാണു നടക്കുക. വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ സംഘം അങ്ങോട്ടു ബന്ധപ്പെടുകയും വിശദാംശങ്ങൾ തേടുകയും ചെയ്യും. പരാതിയുമായി മുന്നോട്ടുപോകാനും മൊഴി നൽകാനും താൽപര്യമുണ്ടോ എന്നതും ചോദിക്കും. ഇവർ മൊഴി നൽകിയാൽ തുടരന്വേഷണമുണ്ടാകും.
Discussion about this post