2026 ടി20 ലോകകപ്പിനെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി തിരുവനന്തപുരം എംപിയും ക്രിക്കറ്റ് പ്രേമിയുമായ ശശി തരൂർ രംഗത്തെത്തി. ഐപിഎല്ലിൽ നിന്ന് ബംഗ്ലാദേശ് താരം മുസ്തഫിസുർ റഹ്മാനെ ഒഴിവാക്കിയതാണ് പ്രശ്നങ്ങളുടെ തുടക്കമെന്ന് അദ്ദേഹം നിരീക്ഷിച്ചു.
ക്രിക്കറ്റിലെ രാഷ്ട്രീയ ഇടപെടലുകളെ തരൂർ രൂക്ഷമായി വിമർശിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (KKR) 9.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ മുസ്തഫിസുർ റഹ്മാന് ഐപിഎല്ലിൽ കളിക്കാനുള്ള അവസരം നിഷേധിച്ചത് നിർഭാഗ്യകരമായിപ്പോയി എന്ന് അദ്ദേഹം പറഞ്ഞു. ബിസിസിഐ നിർദ്ദേശപ്രകാരമാണ് താരത്തെ കെകെആർ ഒഴിവാക്കിയത്.
ഇതിനെത്തുടർന്ന് ബംഗ്ലാദേശ് സ്വീകരിച്ച നിലപാട് ‘ഓവർ റിയാക്ഷൻ’ ആയിരുന്നുവെന്നും അതിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പാകിസ്ഥാന്റെ ബഹിഷ്കരണ നീക്കം തെറ്റാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഐസിസി മുൻകൈയെടുത്ത് ഈ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. “ഈ വിഡ്ഢിത്തം അവസാനിപ്പിക്കൂ” എന്ന് എല്ലാ സ്റ്റേക്ക്ഹോൾഡർമാരോടും പറയാൻ ഐസിസിക്ക് കഴിയണം.
കായികരംഗത്തെ രാഷ്ട്രീയവൽക്കരിക്കുന്നത് നാണക്കേടാണെന്നും, മൈതാനത്തെങ്കിലും ജനങ്ങളെ ഒന്നിപ്പിക്കാനുള്ള വേദിയായി ക്രിക്കറ്റിനെ കാണണമെന്നും അദ്ദേഹം പറഞ്ഞു.












