ന്യൂഡൽഹി: പ്രപഞ്ചത്തിൽ നമ്മളെ കൂടാതെ വേറെയും നാഗരികതകൾ ഉണ്ടാക്കാമെന്ന് വെളിപ്പെടുത്തി ഐ എസ് ആർ ഓ ചെയർമാൻ എസ് സോമനാഥ്. എന്നാൽ അവയുമായി ബന്ധപ്പെടാൻ നോക്കരുതെന്നും അത് അതീവ അപകടകരമായേക്കാമെന്നും ഐ എസ് ആർ ഓ മേധാവി നിർദ്ദേശിച്ചു.
ഒന്നുകിൽ മാനവികതയേക്കാൾ കാര്യമായ പുരോഗതി കുറഞ്ഞതോ അല്ലെങ്കിൽ നമ്മളെക്കാൾ വളരെയധികം പുരോഗമിച്ചതോ ആകാം അവരെന്നും സോംനാഥ് പറഞ്ഞു. നമുക്ക് 200 വർഷം പിന്നിലും 1,000 വർഷം മുന്നിലും ഉള്ള ഒരു നാഗരികതയുടെ സാധ്യത തള്ളിക്കളയാനാകില്ല. അതിന്റെ കാരണങ്ങളും അദ്ദേഹം വെളിപ്പെടുത്തി.
ഈ പ്രപഞ്ചം നിലവിൽ വന്ന കാലഘട്ടവുമായി തട്ടിച്ച് നോക്കിയാൽ, മനുഷ്യർ താരതമ്യേന ഈ പ്രപഞ്ചത്തിൽ ഏതാനും നിമിഷങ്ങൾക്ക് മുമ്പ് മാത്രം വന്നവരാണ്. അതിനാൽ തന്നെ ജീവനും നമ്മളെക്കാൾ വളരെയധികം വികാസം പ്രാപിച്ച നാഗരികതകളും പ്രപഞ്ചത്തിൽ ഉടനീളം കണ്ടേക്കാമെന്നും അദ്ദേഹം അനുമാനിക്കുന്നുണ്ട് .
അതേസമയം അന്യഗ്രഹ ജീവികളിലുള്ള തൻ്റെ വിശ്വാസം പ്രകടിപ്പിക്കുന്നതിനിടയിൽ, അന്യഗ്രഹ നാഗരികതകളുമായുള്ള സമ്പർക്കം മൂലമുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഐഎസ്ആർഒ മേധാവി പങ്കുവച്ചു
ഭൂമിയിലെ ജീവനുമായി താരതമ്യപ്പെടുത്തുമ്പോൾ അന്യഗ്രഹ ജീവികൾ തികച്ചും വ്യത്യസ്തമായ ജീനോമിക്, പ്രോട്ടീൻ ഘടനകൾ ഉള്ളതായേക്കാം. ഈ വ്യതിചലനം കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കും. വ്യത്യസ്തമായ ജീവരൂപങ്ങൾ തമ്മിലുള്ള ഇടപെടലുകൾ ഒരുപക്ഷെ ഒരു വിഭാഗത്തിന്റെ ആധിപത്യത്തിലേക്കോ അല്ലെങ്കിൽ സംഘർഷത്തിലേക്കോ നയിച്ചേക്കാം. ഇതിൽ ആര് ബാക്കിയാകും എന്ന് ആർക്കും പറയാനാകില്ല.
Discussion about this post