തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ പെൻഷൻ പദ്ധതി നടപ്പിലാക്കലല്ലാതെ മറ്റു വഴികൾ ഇല്ലാതെ കേരളം. നിലവിലുള്ള ദേശീയ പെൻഷൻ പദ്ധതിക്കെതിരെ സംസ്ഥാന ജീവനക്കാർക്കിടയിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലാണിത്.
സ്റ്റാറ്റ്യൂട്ടറി പെൻഷൻ വ്യവസ്ഥയിലേക്ക് തിരിച്ചുപോകണമെന്നാണ് ജീവനക്കാരുടേയും സംഘടനകളുടേയും ശക്തമായ ആവശ്യമെങ്കിലും, ഖജനാവിന്റെ അവസ്ഥ പരിഗണിക്കുമ്പോൾ അടുത്ത കാലത്തൊന്നും അത് സാധ്യമാകാത്തതിനാൽ പുതിയ പെൻഷൻ പദ്ധതിയിൽ ചേരുക മാത്രമാണ് കേരളത്തിന്റെ കയ്യിലുള്ള ഒരേയൊരു വഴി.
ഇത് കൂടാതെ, പുതിയ പെൻഷൻ പദ്ധതിയിൽ ചേരാതിരുന്നാൽ, വൻ സാമ്പത്തിക ബാദ്ധ്യതയും, മറ്റ് സാങ്കേതിക അപര്യാപ്തതകളും സർക്കാരിനെ വലക്കുമെന്നാണ് വിലയിരുത്തലുകൾ.
എൻ.പി.എസിൽ നിന്ന് കേന്ദ്രസർക്കാർ യു.പി.എസ് പെൻഷൻ പദ്ധതിയിലേക്ക് മാറുമ്പോൾ ദേശീയ തലത്തിൽ പെൻഷൻ ഫണ്ട് മാനേജ്മെന്റ് വെല്ലുവിളിയായി തീരും. കേരളം യു.പി.എസിലേക്ക് മാറിയില്ലെങ്കിൽ എൻ.പി.എസ് ഫണ്ട് മാനേജ്മെന്റ് കേരളം നേരിട്ട് നിർവ്വഹിക്കുകയോ, കേന്ദ്രസർക്കാർ കൊണ്ടുവരുന്ന പരിമിതമായ സൗകര്യം വിനിയോഗിക്കുകയോ വേണ്ടിവരും. തല്ക്കാലം അതിനുള്ള ഒരു സൗകര്യവും കേരളത്തിന് ഇല്ല.
അതെ സമയം പുതിയ പെൻഷൻ പദ്ധതിയിൽ ജീവനക്കാരുടെ വിഹിതം കൂട്ടുന്നില്ല എന്നത് എടുത്തു പറയേണ്ടതാണ് . എന്നാൽ സർക്കാർ വിഹിതം വർദ്ധിപ്പിക്കുന്നുണ്ട്. കേന്ദ്രസർക്കാർ 14%ൽ നിന്ന് 18.5% ആയി വർദ്ധിപ്പിക്കുകയാണ്. അത്രയും തുകയുടെ ബാദ്ധ്യത സംസ്ഥാനസർക്കാരും വഹിക്കേണ്ടിവരും. ഒരുപക്ഷേ, മുൻകാലപ്രാബല്യത്തോടെ തന്നെ നൽകേണ്ടിവരും.അത് വൻ സാമ്പത്തിക ചെലവാണുണ്ടാക്കുക.
കേന്ദ്രത്തിന് ഇത് നിസ്സാരമായി ചെയ്യാൻ കഴിയുമ്പോൾ, കേരളത്തിന്റെ അവസ്ഥ പരിതാപകരം ആണ്. അത് കൊണ്ട് തന്നെ ചെകുത്താനും കടലിനും നടുവിലാണ് കേരളം സർക്കാർ.
Discussion about this post