ന്യൂഡൽഹി : രാജ്യത്തെ 12 സംസ്ഥാനങ്ങളിൽ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് കേന്ദ്രസർക്കാർ. ഇരുപത്തയ്യായിരം കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ഈ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭ ഉടൻതന്നെ അംഗീകാരം നൽകും. വിദേശനിക്ഷേപങ്ങൾ, പ്രാദേശിക ഉത്പാദനങ്ങളിലെ വളർച്ച, തൊഴിലവസരങ്ങളുടെ വർദ്ധനവ് എന്നിവ ലക്ഷ്യമിട്ട് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ വിഭാവനം ചെയ്തിട്ടുള്ള പദ്ധതിയാണിത്. കേരളം, തെലങ്കാന, ബീഹാർ, ആന്ധ്രപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുന്നതിന് സ്ഥലം കണ്ടെത്തിയിട്ടുള്ളതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഓരോ പ്രദേശങ്ങളിലും വ്യാവസായിക പാർക്കുകൾ സ്ഥാപിച്ച് വലിയ വ്യവസായ നഗരങ്ങൾ ആക്കി മാറ്റുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ഈ വ്യാവസായിക പാർക്കുകളിലൂടെ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടക്കുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. റസിഡൻഷ്യൽ, കൊമേഴ്സ്യൽ പ്രോജക്ടുകൾ ഒരുമിച്ച് വരുന്ന വലിയ വ്യവസായ നഗരം സ്ഥാപിക്കുന്ന രീതിയിലാണ് പദ്ധതി രൂപീകരിക്കുന്നത്.
കഴിഞ്ഞ കേന്ദ്ര ബജറ്റിൽ ആണ് ദേശീയ വ്യാവസായിക ഇടനാഴി പദ്ധതിയുടെ കീഴിലായി 12 ഇൻഡസ്ട്രിയൽ പാർക്കുകൾ പുതുതായി സ്ഥാപിക്കുമെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിരുന്നത്. സംസ്ഥാന സർക്കാരുകൾ ഏറ്റെടുത്ത് നൽകുന്ന സ്ഥലങ്ങളിലാണ് വ്യാവസായിക പാർക്കുകൾ സ്ഥാപിക്കുക. കേരളത്തിൽ പാലക്കാട് ജില്ലയിലാണ് സംസ്ഥാന സർക്കാർ വ്യാവസായിക പാർക്കിനായി സ്ഥലം കണ്ടെത്തിയിരിക്കുന്നത്. ഓരോ സംസ്ഥാനങ്ങളുടെയും സ്വകാര്യ നിക്ഷേപകരുടെയും പങ്കാളിത്തവും പദ്ധതിയിൽ ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിക്കുന്നു.
Discussion about this post