ന്യൂയോർക്ക്: കൊതുകുകൾ മനുഷ്യരെ കടിയ്ക്കുന്നതുമായി ബന്ധപ്പെട്ട് നിർണായക പഠനം പുറത്ത്. കൊതുകുകൾ മനുഷ്യരെ കണ്ടെത്തുന്നതും കടിക്കുന്നതും ഒരു പ്രത്യേക കഴിവ് അവയ്ക്ക് ഉള്ളത് കൊണ്ടാണ് എന്നാണ് പഠനം വ്യക്തമാക്കുന്നത്. അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോർണിയ, സാന്റ ബാർബറയാണ് പഠനം നടത്തിയത്. നേച്ചർ ജേണലിൽ പ്രസിദ്ധീകരിച്ച ഈ പഠനത്തിന് ഇതിനോടകം തന്നെ വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്.
പ്രൊഫസർ ക്രായിഗ് മോൻടെലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പഠനം നടത്തിയിട്ടുള്ളത്. കൊതുകുകൾക്ക് ഇൻഫ്രാറെഡ് തരംഗങ്ങൾ കണ്ടെത്താനുള്ള കഴിവുണ്ട്. ഈ കഴിവ് ഉപയോഗിച്ചാണ് മനുഷ്യരെ ഇവ കണ്ടെത്തുന്നത്. മനുഷ്യർ ഉൾപ്പെടെയുള്ള തണുത്ത രക്തമുളള ജീവികളിൽ നിന്നും ഇൻഫ്രാറെഡ് രശ്മികൾ പ്രവഹിക്കാറുണ്ട്. ഇത് കണ്ടെത്തിയാണ് കൊതുകുകൾ നമുക്ക് അരികിലേക്ക് എത്തുന്നത്.
70 സെന്റീമീറ്റർ അകലെ നിന്ന് വരെ ഇൻഫ്രാറെഡ് രശ്മികളെ കണ്ടെത്താൻ കൊതുകുകൾക്ക് കഴിയും. ഇതിന് പുറമേ ശരീര താപനില 34 ഡിഗ്രി സെൽഷ്യസ് ആയിരിക്കുമ്പോഴും കൊതുകുകൾക്ക് ഈ തരംഗങ്ങളെ കണ്ടെത്താൻ കഴിയുമെന്നും പഠനത്തിൽ വ്യക്തമാക്കുന്നുണ്ട്.
അതേസമയം കൊതുക് നശീകരണത്തിന്റെ സാദ്ധ്യതകളിലേക്ക് വിരൽചൂണ്ടുന്നതാണ് പഠനം എന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഇൻഫ്രാറെഡ് തരംഗങ്ങളെ കണ്ടെത്താനുള്ള കൊതുകുകളുടെ ഈ കഴിവ് ഉപയോഗിച്ച് കെണികൾ ഒരുക്കാനും മറ്റും കഴിയും. അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുന്നത് കൊതുക് കടിയിൽ നിന്നും സംരക്ഷിക്കുമെന്നും പഠനം നിർദ്ദേശിക്കുന്നു.
Discussion about this post