ന്യൂഡൽഹി; അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ പുതിയ ചെയർമാനായി ബിസിസിഐ സെക്രട്ടറി ജയ്ഷാ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. 2024ഡിസംബർ ഒന്ന് മുതലാണ് ജയ് ഷാ ചെയർമാനായി ചുമതലയേൽക്കുക. ഇതോടെ ഏറ്റവും പ്രായം കുറഞ്ഞ ഐ.സി.സി ചെയർമാനായി ജയ്ഷാ മാറി.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.ജഗ്മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ.
ചെയർമാനായ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷായെത്തുക. രണ്ട് വട്ടം ഐ.സി.സി ചെയർമാനായ ബാർക്ലേ ഇനി ചെയർമാൻ സ്ഥാനത്തേക്കില്ലെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു.
ആഗോളതലത്തിൽ ക്രിക്കറ്റിന്റെ ജനപ്രിയത ഉയർത്താൻ ശ്രമിക്കുമെന്നും 2028-ലെ ലോസ് ആഞ്ജലീസ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തിയത് ക്രിക്കറ്റിന്റെ വളർച്ചയിലെ സുപ്രധാന ഘട്ടമാണെന്നും ജയ് ഷാ പ്രതികരിച്ചു.
Discussion about this post