ന്യൂഡൽഹി : കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അടക്കം 9 ബിജെപി സ്ഥാനാർത്ഥികൾ രാജ്യസഭയിലേക്ക് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. എൻഡിഎ സഖ്യ കക്ഷികളായ പാർട്ടികളിൽ നിന്നും രണ്ടു രാജ്യസഭാ സ്ഥാനാർത്ഥികൾ കൂടി ഇന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെ രാജ്യസഭയിൽ എൻഡിഎ കേവല ഭൂരിപക്ഷം മറികടന്നു. എൻഡിഎയുടെ 11 രാജ്യസഭ എംപിമാരാണ് ഇന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടത്.
നിലവിൽ രാജ്യസഭയിലെ ബിജെപിയുടെ അംഗസംഖ്യ 96 ആണ്. സഭയിലെ മൊത്തം എൻഡിഎ അംഗങ്ങൾ 112 പേരാണുള്ളത്. കൂടാതെ ആറ് നോമിനേറ്റഡ് അംഗങ്ങളുടെയും ഒരു സ്വതന്ത്ര അംഗത്തിന്റെയും പിന്തുണ എൻഡിഎയ്ക്ക് ഉണ്ട്. പ്രതിപക്ഷസഖ്യമായ ഇൻഡി സഖ്യത്തിന് രാജ്യസഭയിൽ 85 അംഗങ്ങളാണ് നിലവിൽ ഉള്ളത്.
കേന്ദ്ര സഹമന്ത്രിയായ ജോർജ് കുര്യൻ മധ്യപ്രദേശിൽ നിന്നുമാണ് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവ് വന്ന രാജ്യസഭാ സീറ്റിൽ ആയിരുന്നു ജോർജ് കുര്യൻ മത്സരിച്ചിരുന്നത്. ജോർജ് കുര്യനെ കൂടാതെ കേന്ദ്രമന്ത്രിയും രാജസ്ഥാനിൽ നിന്നുള്ള നേതാവുമായ രവനീത് സിംഗ് ബിട്ടു, മഹാരാഷ്ട്രയിൽ നിന്നുള്ള ധൈര്യ ഷീൽ പാട്ടീൽ, ഒഡീഷയിൽ നിന്നുള്ള മമത മോഹന്ത, അസമിൽ നിന്നുള്ള മിഷൻ രഞ്ജൻ ദാസ്, രാമേശ്വർ തേലി, ത്രിപുരയിൽ നിന്നുള്ള രാജീവ് ഭട്ടാചാര്യ, ബീഹാറിൽ നിന്നുള്ള മനംകുമാർ മിശ്ര, ഹരിയാനയിൽ നിന്നുള്ള കിരൺ ചൗധരി എന്നിവരാണ് രാജ്യസഭയിലേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിജെപി അംഗങ്ങൾ.
Discussion about this post