എസ്എഫ്ഐ നേതാക്കള്‍ മോശമായി ചിത്രീകരിക്കുകയും, വിവാഹം മുടക്കുകയും ചെയ്തുവെന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍
പരാതിയില്‍ കോളേജ് മാനേജ്മെന്റ് നടപടി എടുക്കാതിരുന്നതിലും പ്രതിഷേധം
പ്രതിഷേധത്തെ തുടര്‍ന്ന് കോളേജ് അടച്ചിട്ടു
കൊച്ചി: എസ്എഫ്ഐ നേതാക്കളുടെ മാനസിക പീഢനത്തെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചതായി പരാതി. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് വിദ്യാര്‍ത്ഥിനിയായ പാലാ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഇന്നലെ രാത്രി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഗുരുതര നിലയിലായ പെണ്‍കുട്ടി എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
സംഭവത്തെ കുറിച്ച് സഹപാഠികളും, കുട്ടിയുടെ വിട്ടുകാരും പറയുന്നത് ഇങ്ങനെയാണ്. ഈയിടെ ആര്‍എല്‍വി കോളേജില്‍ നടന്ന സംഘട്ടനത്തിന് ദൃക്സാക്ഷിയായിരുന്നു പെണ്‍കുട്ടി. സംഭവത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ പെണ്‍കുട്ടി മാനേജ്മെന്റിന് മൊഴി നല്‍കുകയും ചെയ്തു. ഇതിലുള്ള പ്രതികാരമായി പെണ്‍കുട്ടിയെ കോളേജിലുള്ള എസ്എഫ്ഐ നേതാക്കള്‍ മാനസീകമായി പീഡിപ്പിച്ചുവെന്നാണ് ആക്ഷേപം. തുടക്കത്തില്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും, മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയുടെ വിവാഹം ചിലര്‍ ഇടപെട്ട് മുടക്കിയതായും വീട്ടുകാര്‍ ആരോപിക്കുന്നു. ഇതില്‍ മനംനൊന്താണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കോളേജ് യുയുസി ഉള്‍പ്പടെ എസ്എഫ്ഐ നേതാക്കളുടെ പേര് ഉള്പ്പെടുപെണ്കുട്ടി ആത്മഹത്യ കുറിപ്പ് എഴുതി വച്ചത് കണ്ടെടുത്തിട്ടുണ്ടെന്ന് സഹപാഠികള്‍ പറഞ്ഞു.
എസ്എഫ്ഐ നേതാക്കളുടെ പീഢനത്തെ കുറിച്ച് പ്രിന്‍സിപ്പലിന് പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു. എന്നാല്‍ ആരോപിതരെ സഹായിക്കുന്ന നിലപാടാണ് കോളേദ് മാനേജ്മെന്റ് സ്വീകരിച്ചത്. പരാതി പിന്‍വലിച്ചില്ലെങ്കില്ഡ പെണ്‍കുട്ടിക്കെതിരെ നടപടിയുണ്ടാകുമെന്ന് കോളേജ് അധികൃതര്‍ ഭീഷണിപ്പെടുത്തിയതായും ആക്ഷേപമുണ്ട്. ഇതേ തുടര്‍ന്ന് കടുത്ത മാനസീക വിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്ന് സഹപാഠികള്‍ പറഞ്ഞു.
ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിയെ ഇന്നലെ രാത്രിയാണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ വിവരമറിഞ്ഞിട്ടും കോളേജ് അധികൃതരാരും ബന്ധപ്പെടുകയോ, ആശുപത്രിയിലെത്തുകയോ ചെയ്തിട്ടില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു. വൈകിട്ട് വരെ പോലിസ് മൊഴിയെടുക്കാനെത്തിയില്ലെന്നും പരാതിയുണ്ട്.
വിദ്യാര്‍ത്ഥി പ്രതിഷേധത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. ബിഎ രണ്ടാം വര്‍ഷ മോഹിനിയാട്ടം വിദ്യാര്‍ത്ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിനിടെ പെണ്‍കുട്ടിയുടെ സഹപാഠികളില്‍ ചിലരെ ഇന്നും ചില എസ്എഫ്ഐ പ്രവര്‍ത്തകര്‍ മൊബൈലില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
Discussion about this post