തിരുവനന്തപുരം : സംവിധായകൻ രഞ്ജിത്ത് രാജിവച്ച അക്കാദമി ചെയർമാൻ പദവിയിലേക്ക് ഒരു വനിതയെ പരിഗണിക്കുമെന്ന് സൂചന. ചലച്ചിത്ര അക്കാദമിയുടെ മുൻ വൈസ് ചെയർപേഴ്സൺ ആയിരുന്ന ബീന പോളിന്റെ പേരിനാണ് നിലവിൽ മുൻതൂക്കം ഉള്ളത്. നിരവധി വർഷങ്ങൾ ഐഎഫ്എഫ്കെയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ആയിരുന്ന അനുഭവസമ്പത്തിന്റെ അടിസ്ഥാനത്തിൽ ചലച്ചിത്ര അക്കാദമി തലപ്പത്തേക്ക് ബീനാപോൾ അനുയോജ്യ ആണെന്നാണ് അഭിപ്രായമുയരുന്നത്.
അതേസമയം സിനിമ കോൺക്ളേവിനായുള്ള നയ രൂപീകരണ സമിതിയെ ചൊല്ലി അക്കാദമി മുൻ ചെയർമാൻ കമൽ പ്രതിഷേധമുയർത്തി. ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായ ഷാജി എൻ കരുൺ ആണ് നിലവിൽ സമിതി ചെയർമാനായി നിയോഗിക്കപ്പെട്ടിട്ടുള്ളത്. ചലച്ചിത്ര അക്കാദമിയിൽ നിന്നും സെക്രട്ടറിയെ മാത്രമാണ് സമിതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇക്കാര്യത്തിൽ പ്രതിഷേധം അറിയിച്ച് മുഖ്യമന്ത്രിക്ക് കത്ത് അയക്കുമെന്ന് കമൽ വ്യക്തമാക്കി.
ചലച്ചിത്ര അക്കാദമിയുടെ ജനറൽ കൗൺസിൽ മാറ്റമില്ലാതെ തുടരുന്നതായിരിക്കും. നിലവിലെ ഭരണസമിതിയുടെ മൂന്നുവർഷ കാലാവധി ജനുവരിയിൽ ആയിരിക്കും അവസാനിക്കുക. ഈ കാലാവധി അവസാനിക്കുമ്പോൾ മാത്രമായിരിക്കും ജനറൽ കൗൺസിൽ പുനഃസംഘടന നടത്തുക. അതിനാൽ പുതിയ ചെയർമാൻ സ്ഥാനം ഏറ്റെടുത്താലും ജനുവരി വരെ ജനറൽ കൗൺസിൽ തുടരുന്നതായിരിക്കും.
Discussion about this post