പാരീസ് : ഒളിമ്പിക്സ് ആവേശത്തിന്റെ അലയൊലികൾ അവസാനിച്ചതിന് പിന്നാലെ തന്നെ 2024 ലെ പാരാലിമ്പിക്‌സിനായി ഒരുങ്ങുകയാണ് പാരീസ് നഗരം. ലോകത്തിലെ ഏറ്റവും മികച്ച ഭിന്നശേഷിക്കാരായ അത്‌ലറ്റുകൾ ഓരോ കായിക മത്സരങ്ങളിലും മാറ്റുരയ്ക്കാൻ ഒരുങ്ങുകയാണ്. ഒളിമ്പിക്സിൽ നിർഭാഗ്യങ്ങൾ വേട്ടയാടിയ ഇന്ത്യ പാരാലിമ്പിക്സിൽ മികച്ച പ്രകടനങ്ങൾ കാഴ്ചവയ്ക്കാനായുള്ള ശ്രമത്തിലാണ്.
പാരാലിമ്പിക്‌സിനുള്ള ഇന്ത്യയുടെ എക്കാലത്തെയും വലിയ സംഘമാണ് പാരീസിൽ എത്തിയിട്ടുള്ളത്. 84 പാരാ അത്‌ലറ്റുകൾ വിവിധ വിഭാഗങ്ങളിലായി ഈ വർഷം മത്സരിക്കും. ടോക്കിയോ പാരാലിമ്പിക്‌സിൽ അഞ്ച് സ്വർണ്ണവും എട്ട് വെള്ളിയും ആറ് വെങ്കലവുമായി 19 മെഡലുകളാണ് ഇന്ത്യ നേടിയിരുന്നത്. ഇന്ന് നടക്കുന്ന പാരീസ് പാരാലിമ്പിക്‌സിൻ്റെ ഉദ്ഘാടന ചടങ്ങ് സ്‌പോർട്‌സ് 18 നെറ്റ്‌വർക്കിൽ തൽസമയം കാണാൻ കഴിയുന്നതാണ്. പാരീസ് പാരാലിമ്പിക്‌സിലെ എല്ലാ മത്സരങ്ങളും ജിയോ സിനിമാ ആപ്പിലും വെബ്‌സൈറ്റിലും തത്സമയം സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും.
പാരീസിൽ നടക്കുന്ന 2024 പാരാലിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ജാവലിൻ ത്രോ താരം സുമിത് ആൻ്റിലും ഷോട്ട്പുട്ട് താരം ഭാഗ്യശ്രീ ജാദവും ആയിരിക്കും ഇന്ത്യയുടെ പതാകയേന്തുന്നത്. ടോക്കിയോ പാരാലിമ്പിക്സിൽ പുരുഷന്മാരുടെ ജാവലിൻ ത്രോ എഫ് 64 ൽ സുമിത് സ്വർണം നേടിയപ്പോൾ ഭാഗ്യശ്രീ 2022 ലെ ഏഷ്യൻ പാരാ ഗെയിംസിൽ വെള്ളി നേടിയിരുന്നു. നാളെ നടക്കുന്ന കായിക മത്സരങ്ങളിൽ പങ്കെടുക്കേണ്ടതിനാൽ പത്തംഗ ഷൂട്ടിംഗ് സംഘം ഉൾപ്പെടെയുള്ള ഇന്ത്യൻ കായികതാരങ്ങൾ ഇന്നത്തെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ല.
Discussion about this post