ന്യൂയോർക്ക് : സെപ്തംബർ 22-ന് നടക്കാനിരിക്കുന്ന ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുഎസ് പരിപാടിക്ക് കനത്ത ബുക്കിംഗ് ആണ് തുടരുന്നത്. ഇരുപത്തയ്യായിരത്തിലധികം പേരാണ് ന്യൂയോർക്കിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇതുവരെ ബുക്ക് ചെയ്തിട്ടുള്ളത്. പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകളുടെ പരിധിയേക്കാൾ കൂടുതൽ പേർ പരിപാടിയിൽ പങ്കെടുത്തേക്കും എന്നാണ് സൂചന. അതിനാൽ തന്നെ പ്രത്യേക സീറ്റിംഗ് സംവിധാനങ്ങൾ സ്റ്റേഡിയത്തിൽ ഒരുക്കുമെന്ന് സംഘാടകർ അറിയിക്കുന്നു.
ന്യൂയോർക്കിലെ നസ്സാവു വെറ്ററൻസ് മെമ്മോറിയൽ കൊളീസിയത്തിലാണ് ‘മോദി & യു എസ്’ പ്രോഗ്രസ് ടുഗതർ’ പരിപാടി നടക്കുന്നത്. അമേരിക്കയിലെ ഇന്ത്യൻ പ്രവാസികളുടെ കൂട്ടായ്മയായ ഇൻഡോ-അമേരിക്കൻ കമ്മ്യൂണിറ്റി ഓഫ് യുഎസ്എ (ഐഎസിയു) ആണ് പ്രധാനമന്ത്രിയുടെ പരിപാടി ഏകോപിപ്പിക്കുന്നത്.
യുഎസിലെ 42 സംസ്ഥാനങ്ങളിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കക്കാർ പ്രധാനമന്ത്രിയുടെ ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി മോദിയുടെ പ്രസംഗത്തിന് പുറമേ, ബിസിനസ്, ശാസ്ത്രം, വിനോദം, കല എന്നിവയിലെ പ്രമുഖ ഇന്ത്യൻ-അമേരിക്കക്കാരുടെ സാംസ്കാരിക പ്രകടനങ്ങളും പരിപാടിയിൽ ഉണ്ടാകും . സെപ്റ്റംബർ 22ന് ന്യൂയോർക്കിൽ നടക്കുന്ന പൊതു പരിപാടിക്ക് ശേഷം സെപ്റ്റംബർ 26 ന് യുഎൻ ജനറൽ അസംബ്ലിയുടെ ഉന്നതതല സമ്മേളനത്തെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യും.
2014 സെപ്റ്റംബറിൽ ന്യൂയോർക്കിലെ പ്രശസ്തമായ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോദി പങ്കെടുത്ത വമ്പൻ ജന സമ്മേളനത്തിന് 10 വർഷത്തിന് ശേഷമാണ് അടുത്തമാസം ലോംഗ് ഐലൻഡിലെ പൊതുസമ്മേളനം നടക്കാനിരിക്കുന്നത്. 2019 ൽ ടെക്സസിലെ ഹൂസ്റ്റണിലെ എൻആർജി സ്റ്റേഡിയത്തിൽ നടന്ന ‘ഹൗഡി മോദി’ എന്ന മെഗാ സമ്മേളനത്തെയും മോദി അഭിസംബോധന ചെയ്തിരുന്നു. മുൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപും അന്ന് ഇന്ത്യൻ പ്രധാനമന്ത്രിയോടൊപ്പം ഈ പരിപാടിയിൽ പങ്കെടുത്തിരുന്നു. നവംബറിൽ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിന് യുഎസ് തയ്യാറെടുക്കുന്നതിനിടെയാണ് തിരഞ്ഞെടുപ്പിന്റെ ഏതാനും ആഴ്ചകൾക്ക് മുൻപ് പ്രധാനമന്ത്രി ഇന്ത്യൻ പ്രധാനമന്ത്രിയുടെ മെഗാ സമ്മേളനം നടക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Discussion about this post