ലഖ്‌നൗ : ഉത്തര റെയിൽവേയിലെ 8 റെയിൽവേ സ്റ്റേഷനുകൾക്ക് പേര്മാറ്റം. നോർത്തേൺ റെയിൽവേ ആണ് എട്ട് സ്റ്റേഷനുകളെ പുനർനാമകരണം നടത്തിയത്. അക്ബർ ഗഞ്ച് അടക്കമുള്ള ലഖ്‌നൗ ഡിവിഷനിലെ സ്റ്റേഷനുകളുടെ പേരുകളാണ് മാറ്റിയിട്ടുള്ളത്.
പ്രാദേശികമായുള്ള ആരാധനാലയങ്ങളുടെയും വീരമൃത്യു വരിച്ച ധീരന്മാരുടെയും പേരിലാണ് ഇനി ഈ സ്റ്റേഷനുകൾ അറിയപ്പെടുക. അക്ബർ ഗഞ്ച് സ്റ്റേഷന് അഹോർവ ഭവാനി ധാം എന്നാണ് പുതുതായി പേര് നൽകിയിരിക്കുന്നത്. ഫർസാത് ഗഞ്ച് സ്റ്റേഷൻ ഇനി തപേശ്വർനാഥ് ധാം എന്ന പേരിൽ ആയിരിക്കും അറിയപ്പെടുക. നിഹാൽഗഡ് സ്റ്റേഷന് മഹാരാജ ബിജ്ലി പാസി സ്റ്റേഷൻ എന്നാണ് പുനർനാമകരണം നടത്തിയിട്ടുള്ളത്.
ജെയ്‌സ് സ്റ്റേഷനാണ് പേര് മാറ്റപ്പെട്ട മറ്റൊരു റെയിൽവേ സ്റ്റേഷൻ. ഗുരു ഗോരക്നാഥ് ധാം എന്നാണ് ഈ സ്റ്റേഷന് പുതുതായി പേര് നൽകിയിരിക്കുന്നത്. ബാനി സ്റ്റേഷൻ സ്വാമി പരമഹംസ് എന്ന പേരിലായിരിക്കും ഇനി അറിയപ്പെടുക. മിഷ്രൗലി സ്റ്റേഷന് മാ കാളികൻ ധാം എന്നാണ് പേര് നൽകിയിരിക്കുന്നത്. കാസിംപൂർ ഹാൾട്ട് ജെയ്‌സ് സിറ്റി എന്നും വാരിസ് ഗഞ്ച് ഹാൾട്ട് അമർ ഷഹീദ് ബാലേ സുൽത്താൻ എന്നും പുനർനാമകരണം ചെയ്തിട്ടുണ്ട്.
Discussion about this post