കൊല്ലം: നടിയുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ നടനും എംഎൽഎയുമായ മുകേഷിനെ തന്റെ വീട്ടിൽ കാണാനില്ലെന്ന് റിപ്പോർട്ട്. വീടിന് മുന്നിൽ മുകേഷിന്റെ വാഹനം ഉണ്ടെങ്കിലും എംഎൽഎ വീട്ടിലുണ്ടോ എന്നതിന് വ്യക്തതയില്ല. പ്രതികരണത്തിനായി മാധ്യമങ്ങൾ എത്തിയെങ്കിലും മുകേഷിന്റേതായി പ്രതികരണമൊന്നും ഇതുവരെ വന്നിട്ടില്ല. നിലവിൽ എംഎൽഎ കൊല്ലത്തില്ല എന്നാണ് വിവരം.
പീഡനത്തിനിരയായ നടി കേസുമായി മുന്നോട്ട് പോയതോടെ മുകേഷ് കൊല്ലത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറിയതായാണ് വിവരം. നിലവിൽ പ്രതിപക്ഷത്തിൻ്റെ പ്രതിഷേധം ജില്ലയിൽ നടക്കുന്നുണ്ട്. മുകേഷിന്റെ പട്ടത്താനത്തെ വീട്ടിലേക്കും എംഎൽഎ ഓഫീസിലേക്കും മാർച്ചുകൾ നടക്കുന്നുണ്ട്.
അതെ സമയം മുകേഷിന്റെ തിരുവനന്തപുരത്തെ വീടിനു പൊലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട് . മെഡിക്കൽ കോളേജ് പൊലീസിന്റെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയത്. രണ്ടു വാഹനങ്ങളിലാണ് പൊലീസ് വീടിനു സമീപം നിലയുറപ്പിച്ചിരിക്കുന്നത്.
കൊച്ചിയിലെ നടി നൽകിയ ലൈംഗിക പീഡന പരാതിയിലാണ് നടനും സി പി എം എം എൽ എ യുമായ മുകേഷിനെതിരെ പൊലീസ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കൊച്ചി മരട് പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. അമ്മയിൽ അംഗത്വവും സിനിമയിൽ ചാൻസും വാഗ്ദാനം ചെയ്ത് നടിയെ പീഡിപ്പിച്ചെന്നാണ് പരാതി
Discussion about this post