ന്യൂഡൽഹി : ടെലിഗ്രാം സിഇഒ പവേൽ ദുറോവ് അറസ്റ്റിലായതിന് പിന്നാലെ ഇന്ത്യയിൽ ആപ്പ് നിരോധിക്കാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. ക്രിമിനൽ കുറ്റങ്ങൾക്ക് ടെലിഗ്രാം ദുരുപയോഗം ചെയ്യുന്നു എന്ന ആരോപണത്തെ തുടർന്നാണ് കേന്ദ്രസർക്കാരിന്റെ ഈ നീക്കം. രാജ്യത്തെ ഏറ്റവും ജനപ്രിയ മെസേജിംഗ് ആപ്പുകളിൽ ഒന്നാണ് ടെലിഗ്രാം .
അന്വേഷണത്തിൽ പണം അപഹരിക്കൽ തുടങ്ങിയ ക്രിമിനൽ കുറ്റകൃത്യങ്ങൾക്ക് പ്ലാറ്റ്‌ഫോം ദുരുപയോഗം ചെയ്യുന്നു എന്ന് കണ്ടെത്തിയാൽ ടെലിഗ്രാമിന് രാജ്യത്ത് നിരോധനം ഏർപ്പെടുത്താനുള്ള സാധ്യത തള്ളിക്കളയാൻ സാധിക്കില്ലെന്ന് സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിൽ ടെലിഗ്രാമിനെതിരെ അന്വേഷണം നടത്തുന്നത് ആഭ്യന്തരമന്ത്രാലയവും ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവുമാണ്.
അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ടെലിഗ്രാമിനെ നിരോധിക്കണോ എന്നതടക്കമുള്ള കാര്യങ്ങളിൽ തീരുമാനങ്ങൾ സർക്കാർ എടുക്കുക എന്ന് വ്യത്തങ്ങൾ അറിയിച്ചു.
അന്താരാഷ്ട്രതലത്തിൽ ടെലഗ്രാമിന്റെ സൈബർ സുരക്ഷയെ കുറിച്ച് സംശയങ്ങൾ ഉയരുന്നതിനിടെ കേന്ദ്ര സർക്കാരും ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതിലും നിയമവിരുദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലും മുൻകാലങ്ങളിൽ ടെലിഗ്രാം വിമർശനം നേരിട്ടിരുന്നു.
ടെലഗ്രാം എന്ന മെസേജിംഗ് ആപ്ലിക്കേഷൻ സ്ഥാപകനായ പാവേൽ ദുറോവ് കഴിഞ്ഞ ആഴ്ചയാണ് ഫ്രാൻസിൽ അറസ്റ്റിലായത്. ടെലഗ്രാമിൻറെ സ്വകാര്യതയുമായി ബന്ധപ്പെട്ട ജുഡീഷ്യൽ അന്വേഷണത്തിനിടെയാണ് പാവേൽ ദുറോവിനെ ഫ്രഞ്ച് അധികൃതർ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കടത്ത്, കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്തതിന്റെ ചിത്രങ്ങളുടെ പ്രചാരണം എന്നിവ തടയുന്നതിൽ പരാജയപ്പെട്ടു എന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. ടെലിഗ്രാം വഴി നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നത് അറിഞ്ഞിട്ടും ഇവ തടയാൻ നടപടി സ്വീകരിച്ചില്ലെന്നതാണ് പവൽ ദുറോവിനെതിരെയുള്ള പ്രധാന ആരോപണം. റഷ്യയുടെ മാർക്ക് സുക്കർബർഗ് എന്നറിയപ്പെടുന്ന പാവേൽ ദുറോവ് ലോകമെമ്പാടുമുള്ള വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ്. 2014 ൽ ആണ് പവൽ ദൂറോ ടെലഗ്രാം സ്ഥാപിക്കുന്നത്. മറ്റ് മെസേജിംഗ് ആപ്പുകളുപോലെ നിയന്ത്രണങ്ങളൊന്നുമില്ലാത്ത തീർത്തും സ്വകാര്യമായ ടെലഗ്രാം ആപ്പ് വളരെപെട്ടെന്നാണ് സബ്‌സ്‌ക്രൈബേർസിനെ ആകർഷിച്ചത്. ഇതു കൊണ്ടുതന്നെ ലോകമെമ്പാടും ടെലഗ്രാം ആപ്പ് വളരെ പെട്ടെന്ന് തന്നെ പ്രചാരണം നേടി.
Discussion about this post