കണ്ണൂർ : 2018ൽ പ്രവർത്തനമാരംഭിക്കുമ്പോൾ കേരളത്തിലെ തന്നെ ഏറ്റവും വലിയ വിമാനത്താവളം എന്ന നിലയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു കണ്ണൂർ വിമാനത്താവളം. എന്നാൽ പ്രവർത്തനം തുടങ്ങി 7 വർഷങ്ങൾ ആകുമ്പോൾ തുടർച്ചയായ നഷ്ടക്കണക്കുകൾ മാത്രമാണ് കണ്ണൂർ വിമാനത്താവളത്തിന് പറയാനുള്ളത്. ഗുരുതര പ്രതിസന്ധിയാണ് നിലവിൽ കണ്ണൂർ വിമാനത്താവളം നേരിടുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
2023-24 സാമ്പത്തിക വർഷത്തിൽ മാത്രം 168.56 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളം നേരിട്ട നഷ്ടം. മുൻ സാമ്പത്തിക വർഷമായ 2022-23ല്‍ 126.27 കോടി രൂപയായിരുന്നു നഷ്ടം വന്നിരുന്നത്. വിമാനത്താവളം പ്രവർത്തനം ആരംഭിച്ച് ഇതുവരെയുള്ള കണക്കെടുത്താൽ 742.77 കോടി രൂപയാണ് കണ്ണൂർ വിമാനത്താവളത്തിന്റെ സഞ്ചിത നഷ്ടം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടങ്ങിയതോടെ എയർപോർട്ട് റെഗുലേറ്ററിയും ഓഹരിയുടമകളും വായ്പാദാതാക്കളും കർശനമായ നിയന്ത്രണങ്ങളിലേക്ക് കടക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിമാനത്താവളത്തിന്റെ പ്രവർത്തനത്തിനുള്ള ചെലവിന് അടിസ്ഥാനമായി വരുമാനം ഉണ്ടാകുന്നില്ല എന്നുള്ളതാണ് കണ്ണൂർ വിമാനത്താവളം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ഓരോ വർഷവും വരുമാനത്തിന്റെ ഇരട്ടിയോളം ആണ് ചിലവ് വരുന്നത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 101.62 കോടി രൂപയായിരുന്നു കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചിരുന്ന ആകെ വരുമാനം. എന്നാൽ ആ വർഷം ചിലവ് വന്നത് 275.27 കോടി രൂപയും. വിമാന കമ്പനികളിൽ നിന്നും ഈടാക്കുന്ന യൂസർ ഡെവലപ്മെന്റ് ഫീസ് ആയി കഴിഞ്ഞ സാമ്പത്തിക വർഷം കണ്ണൂർ വിമാനത്താവളത്തിന് ലഭിച്ചത് 47.05 കോടിയാണ്. എയ്റോ വരുമാനം 75.52 കോടിയും നോൺ എയ്റോ വരുമാനം 19.41 കോടിയുമായിരുന്നു. അതേസമയം കണ്ണൂർ വിമാനത്താവളത്തിന്റെ ചെലവുകളുടെ മുഖ്യപങ്കും വായ്പകളുടെ പലിശ ഇനത്തിലാണ് നഷ്ടം വരുന്നത്. മൊത്തം1165.61 കോടി രൂപയാണ് വിമാനത്താവളത്തിന്റെ മൊത്തം കടം. വർഷംതോറും ഏകദേശം 117 കോടി രൂപയോളം ആണ് പലിശയായി കണ്ണൂർ വിമാനത്താവളം നൽകേണ്ടത്. ഇക്കാരണത്താൽ തന്നെ ലഭിക്കുന്ന വരുമാനത്തിന്റെ ഭൂരിഭാഗവും പലിശ നൽകാൻ മാത്രമാണുള്ളത്. ഇതുവഴി ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് ഇപ്പോൾ കണ്ണൂർ വിമാനത്താവളം നേരിടുന്നത്.
Discussion about this post