എറണാകുളം: സിനിമാ മേഖലയിലെ പവർഗ്രൂപ്പുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾക്കിടെ വീണ്ടും ചർച്ചയായി പൃഥ്വിരാജിന്റെ പഴയ അഭിമുഖം. പവർഗ്രൂപ്പിൽ നിന്നും തനിക്ക് ദുരനുഭവം ഉണ്ടായിട്ടില്ലെന്ന് അടുത്തിടെ വ്യക്തമാക്കിയ പൃഥ്വിരാജ് സിനിമയിൽ നിന്നും മാറ്റിനിർത്തപ്പെട്ടതിനെക്കുറിച്ച് വർഷങ്ങൾക്ക് മുൻപ് നടത്തിയ പ്രതികരണം ആണ് വൈറൽ ആകുന്നത്. ഇതോടെ താരത്തിനെതിരെ വലിയ പരിഹാസവും ഉയരുന്നുണ്ട്.
സിനിമയിലേക്ക് വന്ന കാലഘട്ടത്ത് അദ്ദേഹം സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖം ആണ് ഇപ്പോൾ വൈറൽ ആകുന്നത്.
കുറേ ആളുകൾക്ക് എന്നോട് വലിയ വൈരാഗ്യവും ദേഷ്യവുമൊക്കെയാണെന്ന് അന്നത്തെ അഭിമുഖത്തിൽ താരം പറയുന്നു. അവരത് പ്രകടിപ്പിക്കുന്നത് ഓരോ സംവിധായകരെ വിളിച്ച് പറയുക. ഞാൻ ചെയ്യാൻവച്ച കഥാപാത്രത്തെ വിളിച്ച് ബ്ലോക്ക് ചെയ്യുക. പ്രോജക്ടുകൾ ബ്ലോക്ക് ചെയ്യുക. എനിക്ക് ചോദിക്കാനുള്ളത്, ഇങ്ങനെയൊക്കെ വലിയ വലിയ ആൾക്കാർക്കെതിരെയാണ് ചെയ്യുക. ഞാൻ ആർക്കും ഭീഷണിയല്ല. ഞാനൊരു തുടക്കക്കാരൻ ആണ്. 10 ഓ 12 ഓ സിനിമകളിൽ അഭിനയിച്ച പുതുമുഖം ആണ് താൻ. മലയാള സിനിമയ്ക്ക് ഒഴിച്ച് കൂടാനാകാത്ത ഘടകമായി ഒന്നും ഞാൻ മാറിയിട്ടില്ല. നാളെ പൃഥ്വിരാജ് സുകുമാരൻ മലയാള സിനിമയിൽ ഇല്ലെങ്കിൽ അതൊരു തീരാ നഷ്ടമൊന്നും അല്ല. ഇത്രയും നിസാരനായ തനിക്കെതിരെ എന്തിനാണ് ഇത്രയും വലിയ എതിർപ്പുകൾ എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പൃഥ്വിരാജ് നടത്തിയ പ്രതികരണത്തിൽ വിപരീതമായ കാര്യങ്ങളാണ് പറയുന്നത്. അത്തരത്തിൽ ഒരു പവർ അതോറിറ്റിയുടെ ഇടപെടൽ തനിക്കെതിരെ ഉണ്ടായിട്ടില്ല. എന്ന് വച്ച് പവർഗ്രൂപ്പ് ഇല്ലെന്ന് പറയാൻ തനിക്ക് പറ്റില്ല. അവരാൽ ഞാൻ ബാധിക്കപ്പെട്ടിട്ടില്ല. അങ്ങിനെ ബാധിക്കപ്പെട്ടവർ ഉണ്ടെങ്കിൽ അവരുടെ ദു:ഖങ്ങൾ എന്താണ് കേൾക്കണം. അത്തരത്തിൽ ഒരു ബോഡി പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത് ഇല്ലാതെ ആകണം. പക്ഷെ എനിക്കത് പറയണം എങ്കിൽ അങ്ങിനെയൊരു അനുഭവം ഉണ്ടാകണം. ഞാൻ അനുഭവിച്ചിട്ടില്ല. അതിനാൽ എനിക്ക് അതിനെക്കുറിച്ച് പറയാൻ പറ്റില്ല എന്നുമായിരുന്നു പൃഥ്വിരാജിന്റെ വാക്കുകൾ.
Discussion about this post