അമരാവധി: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിലെ പെൺകുട്ടികളുടെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തി. സംഭവത്തെ തുടർന്ന് വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. മുഖ്യമന്ത്രിഎൻ ചന്ദ്രബാബു നായിഡു അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഗുഡ്‌വല്ലേരു കോളേജ് ഓഫ് എൻജിനീയറിംഗ് ക്യാമ്പസിലെ ഹോസ്റ്റൽ ശുചിമുറിയിലാണ് ക്യാമറ കണ്ടെത്തിയത്.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അവസാനവർഷ എൻജിനീയർ വിദ്യാർത്ഥിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 300ലധികം ദൃശ്യങ്ങൾ റെക്കോർഡ് ചെയ്ത് ആൺകുട്ടികളുടെ ഹോസ്റ്റലിൽ പ്രചരിച്ചതായാണ് വിവരം. ശുചിമുറിയിൽ പോയ ഒരു വിദ്യാർത്ഥിയാണ് ക്യാമറ കണ്ടെത്തിയത്. നൂറ് കണക്കിന് വിദ്യാർത്ഥിനികളാണ് സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുന്നത്.
അറസ്റ്റിലായ വ്യക്തിയുടെ വിവരങ്ങൾ പോലീസും അധികൃതരും പുറത്തുവിട്ടിട്ടില്ല. പ്രതികളുടെ ലാപ്‌ടോപ്പുകൾ, മൊബൈൽഫോണുകൾ, മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങൾ എന്നിവ പരിശോധിച്ചിരുന്നു. എന്നാൽ, സംശയാസ്പദമായി ഒന്നും ലഭിച്ചില്ലെന്ന് പോലീസ് പറഞ്ഞു. ഹോസ്റ്റലിൽ നിന്നും ഒളിക്യാമറകൾ ഒന്നും കണ്ടെത്തിയില്ലെന്ന് കോളേജ് അധികൃതരും വ്യക്തമാക്കി.
Discussion about this post