ആലപ്പുഴ : സംസ്ഥാനത്തെ സർക്കാർ ആശുപത്രിയിൽ നിന്നും മറ്റൊരു ഗുരുതര വീഴ്ച കൂടി പുറത്തു വന്നിരിക്കുകയാണ്. ആലപ്പുഴ ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ വെച്ച് നടന്ന പ്രസവ ശസ്ത്രക്രിയയിൽ ആണ് ഗുരുതര വീഴ്ച ഉണ്ടായത്. ശസ്ത്രക്രിയയ്ക്ക് ശേഷം പഞ്ഞിയും തുണിയും വയറിനുള്ളിൽ തന്നെ വെച്ച് തുന്നിക്കെട്ടിയതായാണ് കണ്ടെത്തിയിട്ടുള്ളത്.
ആലപ്പുഴ പെണ്ണുക്കര സ്വദേശിനിയായ 28 വയസ്സുകാരിക്ക് ആണ് ഹരിപ്പാട് സർക്കാർ ആശുപത്രിയിൽ നിന്നും ഈ ദുരനുഭവം ഉണ്ടായത്. ഡോക്ടറുടെ ഭാഗത്തുനിന്നും ഉണ്ടായ ഈ അശ്രദ്ധ മൂലം യുവതിയുടെ വയറിനുള്ളിൽ രക്തം കട്ടപിടിക്കുകയും കടുത്ത വയറുവേദനയും നടുവേദനയും ഉണ്ടാവുകയും ചെയ്തിരുന്നു. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് യുവതി മെഡിക്കൽ കോളേജിൽ ചികിത്സ തേടിയപ്പോഴാണ് പ്രസവ ശസ്ത്രക്രിയയ്ക്കിടയിൽ ഉണ്ടായ ഗുരുതര വീഴ്ച കണ്ടെത്താനായത്.
തുടർന്ന് മെഡിക്കൽ കോളേജിൽ വെച്ച് രണ്ടാമതും ശസ്ത്രക്രിയ നടത്തിയാണ് യുവതിയുടെ വയറ്റിനുള്ളിൽ നിന്നും പഞ്ഞിയും തുണിയും പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ഹരിപ്പാട് സർക്കാർ ആശുപത്രിയിലെ വനിതാ ഡോക്ടർ ജയിൻ ജേക്കബിനെതിരെ പോലീസ് കേസെടുത്തു. ദുരനുഭവമുണ്ടായ യുവതിയുടെ അമ്മ സംഭവത്തെക്കുറിച്ച് ആരോഗ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്.
Discussion about this post