ന്യൂഡൽഹി : കേരളത്തിന്റെ ഫിഷറീസ് മേഖലയ്ക്ക് കൈത്താങ്ങാകാൻ കേന്ദ്രസർക്കാർ. പ്രധാനമന്ത്രി സമ്പദ് യോജനയിലൂടെ കേരളത്തിന്റെ മത്സ്യ മേഖലയ്ക്ക് പ്രയോജനകരമാകുന്ന നാല് പദ്ധതികൾ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. 126.22 കോടി രൂപ ചിലവിലാണ് ഈ പദ്ധതികൾ പൂർത്തിയാക്കാൻ ഒരുങ്ങുന്നത്. ഇതോടൊപ്പം തന്നെ ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ച്ചർ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 161 കോടി രൂപ ചിലവിട്ടുകൊണ്ട് ഒരു പുതിയ ഫിഷിംഗ് ഹാർബറും കേന്ദ്രസർക്കാർ സ്ഥാപിക്കും.
മൊത്തത്തിൽ 287.22 കോടി രൂപ ചിലവ് വരുന്ന 5 കേന്ദ്ര പദ്ധതികൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി തറക്കല്ലിട്ടു. ഈ പദ്ധതികൾ വഴി 1.47 ലക്ഷം പുതിയ തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കപ്പെടും എന്നുള്ളത് കേരളത്തിലെ മത്സ്യ മേഖലയ്ക്ക് പുത്തനുണർവ് നൽകുന്നതായിരിക്കും. കാസർകോട്, കൊയിലാണ്ടി, പൊന്നാനി, കോഴിക്കോട്, ആലപ്പുഴ എന്നിവിടങ്ങളിലാണ് കേന്ദ്രസർക്കാരിന്റെ പുതിയ ഫിഷറീസ് പദ്ധതികൾ എത്തുന്നത്.
കാസർകോട് ഷിപ്പിംഗ് ഹാർബർ വികസനത്തിനായി 70.53 കോടി രൂപയാണ് കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുള്ളത്. 18 മാസം കൊണ്ട് പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞത് മുപ്പതിനായിരം മത്സ്യത്തൊഴിലാളികൾക്ക് എങ്കിലും ഈ പദ്ധതിയിലൂടെ പ്രയോജനം ലഭിക്കുന്നതായിരിക്കും.
കൊയിലാണ്ടി ഹാർബർ നവീകരണത്തിന് 20.90 കോടി രൂപയും പൊന്നാനി ഹാർബർ നവീകരണത്തിന് 18.73 കോടി രൂപയും ആണ് ചിലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട് പുതിയാപ്പ ഹാർബർ നവീകരണത്തിനായി 16.06 കോടി രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴയിലെ ആർത്തുങ്കൽ ഹാർബർ വികസനത്തിനാണ് 161 കോടി രൂപ വകയിരുത്തിയിട്ടുള്ളത്. ഇതിൽ 150 കോടി രൂപ നബാർഡ് വായ്പ വഴി കണ്ടെത്തുന്നതായിരിക്കും. ആർത്തുങ്കൽ ഹാർബർ വികസനത്തിലൂടെ ഇരുപത്തിയേഴായിരത്തിലധികം മത്സ്യത്തൊഴിലാളികൾക്കായിരിക്കും പ്രയോജനം ലഭിക്കുക.
Discussion about this post