തിരുവനന്തപുരം: ഒരു മാനദണ്ഡവും ഇല്ലാതെയാണ് കേരളത്തിൽ ക്വാറികൾ അനുവദിക്കുന്നതെന്ന് തുറന്നു പറഞ്ഞ് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മാധവ് ഗാഡ്ഗിൽ. കേരളത്തിലെ 85 ശതമാനം ക്വാറികളും അനധികൃതമെന്നും രാഷ്ട്രീയക്കാരും ക്വാറി ഉടമകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് ഇതിനു കാരണമെന്നും മാധവ് ഗാഡ്ഗിൽ പറഞ്ഞു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ അസംബ്ലി ഒഫ് ക്രിസ്റ്റ്യൻ ട്രസ്റ്റ് സർവീസസ് (എ.സി.ടി.എസ്) സംഘടിപ്പിച്ച സംവാദത്തിൽ ഓൺലൈനായി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ദുരന്തസാദ്ധ്യതാമേഖലകളിൽ അനധികൃതമായും പ്രകൃതിക്ക് നാശം വരുത്തുന്നതുമായ റിസോർട്ട് ടൂറിസം ഒഴിവാക്കണം. ഇതിനു പകരം ഗോവയിലേതു പോലെ തദ്ദേശീയരുടെ ഹോം സ്‌റ്റേയിലേക്ക് മാറാവുന്നതാണ് . ഇത് കൂടാതെ തോട്ടം മേഖലയുടെ നടത്തിപ്പ് തൊഴിലാളി സഹകരണസംഘങ്ങളെ ഏൽപ്പിക്കണം. അശാസ്ത്രീയമായ വന്യജീവി സംരക്ഷണ നിയമത്തിൽ ഭേദഗതി വരുത്തണമെന്നും ഗാഡ്ഗിൽ ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ടു തവണയായി അധികാരത്തിൽ ഇരിക്കുന്ന പിണറായി സർക്കാർ എട്ടുവർഷമായി സംസ്ഥാന ദുരന്തനിവാരണ പദ്ധതി പുതുക്കിയിട്ടില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു. പ്രകൃതിക്ഷോഭങ്ങളെ തടയാനാവില്ലെങ്കിലും ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനാവുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. .
Discussion about this post