പാരീസ് : പാരീസ് പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് വീണ്ടും മെഡൽ നേട്ടം. വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ റുബീന ഫ്രാൻസിസ് വെങ്കലം നേടി. 2024 പാരാലിമ്പിക്‌സിലെ ഇന്ത്യയുടെ അഞ്ചാം മെഡൽ ആണ് ഇന്ന് റുബീന വെടി വെച്ചിട്ടത്. 2020 ടോക്കിയോ പാരാലിമ്പിക്സിൽ ഫൈനൽ റൗണ്ടിൽ എത്തിയിരുന്നെങ്കിലും മെഡൽ നേടാൻ റുബീനയ്ക്ക് കഴിഞ്ഞിരുന്നില്ല.
മധ്യപ്രദേശിൽ നിന്നുള്ള പാരാ ഷൂട്ടർ ആണ് 25കാരിയായ റുബീന ഫ്രാൻസിസ്. ഫൈനൽ റൗണ്ടിൽ 211.1 പോയിന്റ് നേടിയാണ് റുബീന മൂന്നാം സ്ഥാനത്തെത്തിയത് . 236.8 പോയിന്റുമായി ഇറാൻ്റെ സരെഹ് ജവൻമർദി ആണ് മത്സരത്തിൽ സ്വർണ്ണം നേടിയത്. 231.1 പോയിൻ്റ് നേടി തുർക്കിയുടെ എയ്‌സൽ ഓസ്‌ഗാൻ വെള്ളി മെഡൽ നേടി.
17-ാമത് സമ്മർ പാരാലിമ്പിക്‌സിൽ ഷൂട്ടിംഗിൽ ഇന്ത്യയുടെ നാലാമത്തെ മെഡൽ ആണ് റുബീന നേടിയത്. 2022 ൽ അൽ ഐനിൽ നടന്ന ലോക ഷൂട്ടിംഗ് പാരാ സ്‌പോർട്‌സ് ചാമ്പ്യൻഷിപ്പിൽ റുബീന ഫ്രാൻസിസ് സ്വർണം നേടിയിരുന്നു. പാരീസ് പാരാലിമ്പിക്സിൽ ഷൂട്ടിംഗ് വിഭാഗത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും അടക്കം നാലു മെഡലുകൾ ഇന്ത്യൻ കായികതാരങ്ങൾ നേടിയിട്ടുണ്ട്. അത്‌ലറ്റിക്സ് വിഭാഗത്തിൽ ഒരു വെങ്കലവും അടക്കം ഇതുവരെ 5 മെഡലുകളാണ് ഇന്ത്യ പാരീസ് പാരാലിമ്പിക്സിൽ സ്വന്തമാക്കിയിട്ടുള്ളത്.
Discussion about this post