എറണാകുളം : പീഡന ആരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. പോലീസ് കേസെടുത്തതിന് തൊട്ടു പിന്നാലെ തന്നെ രാത്രി പത്രസമ്മേളനം വിളിച്ചാണ് നിവിൻ പോളി ഇക്കാര്യം വ്യക്തമാക്കിയത്. ആരോപണം വ്യാജമാണെന്നും പരാതിക്കാരിയായ പെൺകുട്ടിയെ തനിക്ക് അറിയില്ലെന്നും നിവിൻ പോളി അറിയിച്ചു.
അങ്ങനെ ഒരു പെൺകുട്ടിയെ അറിയില്ല. കണ്ടിട്ടോ സംസാരിച്ചിട്ടോ ഇല്ല. പെൺകുട്ടിയുടെ പരാതികൾ സൂചിപ്പിച്ചിരിക്കുന്ന ഒരാളെ മാത്രം തനിക്ക് അറിയാം. സിനിമകൾക്ക് ഫിനാൻസ് ചെയ്യുന്ന അദ്ദേഹത്തിൽനിന്നും താനും ഫണ്ട് വാങ്ങി സിനിമ ചെയ്തിട്ടുണ്ട്. അങ്ങനെ ഒരു ബന്ധം മാത്രമേ അദ്ദേഹവുമായി ഉള്ളൂ. കേസിൽ പരാമർശിച്ചിട്ടുള്ള മറ്റ് ആരെയും തനിക്കറിയില്ല. കേസ് സത്യമല്ലെന്ന് തെളിയിക്കാൻ നിയമത്തിന്റെ എല്ലാ വഴിയിലൂടെയും സഞ്ചരിക്കും. എത്രനാൾ വേണ്ടിവരും എന്ന് അറിയില്ല. ഇങ്ങനെ ഒരു കാര്യത്തെക്കുറിച്ച് എന്റെ കയ്യിൽ തെളിവുകൾ ഒന്നുമില്ല. എങ്കിലും പരമാവധി പോരാടുമെന്ന് നിവിൻ പോളി വ്യക്തമാക്കി.
ഏത് ശാസ്ത്രീയമായ അന്വേഷണത്തിനും സഹകരിക്കാൻ തയ്യാറാണ്. ഇപ്പോൾ ന്യൂസ് കൊടുക്കുന്നവർ നാളെ ഇത് സത്യമല്ല എന്ന് അറിഞ്ഞാലും എന്റെ കൂടെ നിൽക്കണം. ഒന്നരമാസം മുമ്പാണ് എന്നെ ഊന്നുങ്ങൽ പോലീസിൽ നിന്നും വിളിച്ചിരുന്നത്. പിന്നീട് വ്യാജ പരാതിയാണെന്ന് തോന്നിയതിനാൽ പോലീസ് ഈ കേസ് ക്ലോസ് ചെയ്യുകയായിരുന്നു.
ഇങ്ങനെ നിരവധി വ്യാജ ആരോപണങ്ങളും പരാതികളും വരുന്നുണ്ട് എന്നാണ് അന്ന് പോലീസിൽ നിന്നും നിയമോപദേശം തേടിയവരിൽ നിന്നും അറിയാൻ കഴിഞ്ഞത്. ഇതിന് പിന്നിൽ എന്തോ ഗൂഢാലോചന ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. ഏത് അന്വേഷണത്തോടും നിയമപരമായി സഹകരിക്കാൻ തയ്യാറാണ് എന്നും നിവിൻ പോളി വ്യക്തമാക്കി.
Discussion about this post