തിരുവനന്തപുരം: പാപ്പനംകോട് ന്യൂ ഇന്ത്യ ഇൻഷൂറൻസ് കമ്പനിയിൽ തീപിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നു. സംഭവം കൊലപാതകമാണെന്നാണ് പോലീസിന്റെ നിഗമനം. സ്ഥാനത്തിലെ ജീവനക്കാരിയായ വൈഷ്ണയെ കുത്തിയതിന് ശേഷം ഇവരുടെ സുഹൃത്ത് ബിനു സ്ഥാപനത്തിന് മണ്ണെണ്ണയൊഴിച്ച് തീയിട്ടതാകാമെന്നാണ് പോലീസ് സംശയിക്കുന്നത്.
തീപിടിച്ച മുറിയിൽ നിന്നും കത്തി കണ്ടെത്തിയിരുന്നു. ഇത് ഉപയോഗിച്ച് വൈഷ്ണയെ കുത്തിയതിന് ശേഷം, തീകൊളുത്തിയതായിരിക്കാമെന്ന് പോലീസ് പറയുന്നു. വൈഷ്ണയുടെ ആദ്യ ഭർത്താവിന്റെ സുഹൃത്തായിരുന്നു ബിനു. ആദ്യ ഭർത്താവുമായി പിരിഞ്ഞതിന് ശേഷം, ബിനുവിനൊപ്പമായിരുന്നു വൈഷ്ണ താമസിച്ചിരുന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് മാസമായി ഇരുവരും അകന്ന് കഴിയുകയായിരുന്നു. നാല് മാസം മുമ്പ് അപകടം നടന്ന സ്ഥാപനത്തിൽ വച്ച് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നതായി പോലീസ് പറയുന്നു.
ഇന്നലെ ഉച്ചയോടെയാണ് പാപ്പനംകോട്ടെ ഇൻഷൂറൻസ് സ്ഥാപനത്തിൽ തീപിടുത്തമുണ്ടായത്. ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. ഷോട്ട് സർക്ക്യൂട്ട് ആണ് തീപിടുത്തത്തിന്റെ കാരണമെന്നായിരുന്നു പ്രഥമിക നിഗമനം. എന്നാൽ, തുടർന്നുള്ള പരിശോധനയിലാണ് അപകടത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. പുരുഷന്റെ മൃതദേഹം ബിനുവിന്റേത് തന്നെയാണെന്ന് സഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തുമെന്ന് പോലീസ് വ്യക്തമാക്കി.
Discussion about this post