ചെറിയ ക്ലാസുകളിൽ കാക്കക്കൂട്ടിൽ ഒളിച്ചുപോയി മുട്ടയിടുന്ന മടിയൻ കുയിലുകളുടെ കഥകളും കവിതകളും പഠിച്ചത് ഓർമ്മയുണ്ടോ? ഈ കുയിലുകൾക്കെന്തൊരു സ്വഭാവമാണ് കുഞ്ഞുങ്ങളെ സംരക്ഷിക്കാത്ത ഈ കിളികൾ എന്തിനാണ് പാവം കാക്കകളെ ദ്രോഹിക്കുന്നത് എന്ന് ഓർത്തിട്ടില്ലേ… കാക്കകളുടെ കൂടുകളിൽ മാത്രമല്ല തരംകിട്ടിയാൽ കരിയിലക്കിളികളുടെ കൂടുകളിൽ വരെ കുയിലുകൾ മുട്ടയിടും. എന്തിനാണ് ഇങ്ങനെ അവ ചെയ്യുന്നതെന്ന് അറിയാമോ?
കുക്കൂ കുടുംബത്തിൽ ഉൾപ്പെടുന്ന പക്ഷികളുടെ ഒരു ജനുസാണ് കുയിൽ. ഏഷ്യയിലും ഓസ്‌ട്രേലിയയിലും പസഫിക് സമുദ്ര പ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ വർഗത്തിലെ ആൺ പെൺ പക്ഷികൾ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ടായിരിക്കും. മറ്റ് പക്ഷികളുടെ കൂടുകളിലാണ് ഇവ മുട്ടയിടാറ്.അനുയോജ്യമായ സ്ഥലത്ത് എത്ര ചെറിയ പക്ഷിയുടെ കൂടു ലഭിച്ചാലും കുയിൽ അതിൽ മുട്ടയിടും. മുട്ടയിട്ട ശേഷം അതു വിരിഞ്ഞോ, കുഞ്ഞുങ്ങൾ വളർന്നോ തുടങ്ങിയ കാര്യങ്ങളൊന്നും തള്ളക്കുയിൽ അന്വേഷിക്കാറില്ല. വളർന്നു വലുതായ കുയിലുകളെ ആയിരിക്കും മിക്കവരും കാണുന്നത്. കുയിലിന്റെ കുഞ്ഞുങ്ങൾ വളരുന്നതും വലുതാകുന്നത് മറ്റൊരു പക്ഷിയുടെ കൂടെ ആയിരിക്കും.അവർ സ്വന്തം കുഞ്ഞിനെപോലെ വളർത്തുകയും ചെയ്യും. വളർന്നു പക്വത എത്തുമ്പോൾ പിരിഞ്ഞു പോവുകയും ചെയ്യുന്നു.
എന്തിനാണ് കുയിൽ മറ്റുപക്ഷികളെ ബുദ്ധിമുട്ടിക്കുന്നത് എന്നല്ലേ? കുയിൽ ഒരു ഫലവർഗഭോജിയാണ്. ഷഡ്പദങ്ങൾ,വിരകൾ എന്നിവ അധികം കഴിക്കാറില്ല. വേഗത്തിലും ആരോഗ്യപരമായും വളരാൻ കുഞ്ഞുപക്ഷികൾക്ക് ധാരാളം പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ആവശ്യമാണ്. എന്നാൽ കുയിലിന്റെ ഭക്ഷണരീതി അതിന്റെ കുഞ്ഞുങ്ങളേതിൽ നിന്ന് വളരെ വ്യത്യസ്തമാണ്. കുയിലിന്റെ ജീവിത ചക്രത്തിൽ കുഞ്ഞുങ്ങൾ പരാന്ന ഭോജികൾ ആണ്. (മറ്റുള്ളവയെ ആശ്രയിക്കുന്ന) . വിരിയുമ്പോൾ മുതൽ കുഞ്ഞുങ്ങൾ നിരന്തരം ചിലച്ചുകൊണ്ടിരിക്കും. ഇത് വിശപ്പായി തെറ്റിദ്ധരിച്ച് പ്രോട്ടീൻ സമ്പന്നമായ (നോൺ-വെജിറ്റേറിയൻ) ഭക്ഷണം കൂടുതൽ നൽകുന്നതിന് തള്ള കിളികളെ പ്രേരിപ്പിക്കുന്നു. മുട്ട വിരിഞ്ഞ് ഇറങ്ങുന്ന കുഞ്ഞുങ്ങൾ അടിയന്തിര ശ്രദ്ധ കിട്ടാനായി മറ്റ് മുട്ടകളെ / വിരിയുന്നതിനെ നശിപ്പിക്കാറും ഉണ്ട്. അതായത് സ്വന്തം കുഞ്ഞുങ്ങളുടെ ഭാവിയെ കരുതിയാണ് കുയിൽ കള്ളിയാവുന്നത്.
കുയിലിന്റെ മുട്ടയുടെ പുറംതോട് വളരെ കട്ടിയുള്ളതും ബലമുള്ളതുമാണ്. അത്‌കൊണ്ട് തന്നെ ചെറിയ ഉയരത്തിൽ നിന്ന് വീണാലും മുട്ട പൊട്ടിപ്പോകാറില്ല. ( ധൃതിയിൽ മറ്റ് പക്ഷികളുടെ കൂട്ടിൽ മുട്ടയിടുമ്പോൾ മുട്ട പോട്ടിപ്പോകാതിരിക്കാൻ ഇത് സഹായിക്കുന്നു) . തന്റെ മുട്ട സുരക്ഷിതമാക്കാൻ മറ്റ് പക്ഷികളുടെ ഒന്നോ രണ്ടോ മുട്ട നശിപ്പിക്കാനും മടിക്കാറില്ല. വിരിഞ്ഞു വരുന്ന കുഞ്ഞിനെ കാക്കയാണ് വളർത്തുന്നതെങ്കിൽ തന്റെ കുഞ്ഞല്ല എന്ന് കാക്ക തിരിച്ചറിയുമ്പോൾ അവയെ കൊത്തിയോടിക്കുകയാണ് ചെയ്യുക. ഈസാഹചര്യം ഒഴിവാക്കാനായി കുയിലിന്റെ മുട്ട മറ്റ് പക്ഷി മുട്ടകളേക്കാൾ വലുതും അവ വേഗത്തിലും വിരിയുന്നതുമാണെന്ന പ്രത്യേകത കൂടി അവയ്ക്കുണ്ട്. കാക്ക മുട്ടകളെ പോലെ ആണ് കുയിൽ മുട്ടകളും കാണാൻ എന്നതിനാൽ കുയിൽ കൂടുതലും കാക്കകൂടുകളും തിരഞ്ഞെടുക്കുന്നു.
Discussion about this post