ലഖ്‌നൗ : ഉത്തർപ്രദേശിലെ ഹത്രാസിൽ ബസും മിനി ട്രക്കും കൂട്ടിയിടിച്ച് അപകടം. ദുരന്തത്തിൽ 12 പേർ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അപകടത്തിൽ മരണപ്പെട്ടവർക്ക് പ്രധാനമന്ത്രിയും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും അനുശോചനങ്ങൾ അറിയിച്ചു. അപകടത്തിൽ അടിയന്തര ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
ഹത്രാസിലെ ആഗ്ര-അലിഗഡ് ദേശീയ പാതയിൽ വെച്ചാണ് അപകടമുണ്ടായത്. യുപി റോഡ്‌വേസിന്റെ ബസ് മിനി ട്രക്കിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. ഹത്രാസിലെ സസ്‌നിയിലെ മുകുന്ദ് ഖേദയിൽ നടന്ന ഒരു മരണാനന്തര ചടങ്ങുകൾക്ക് ശേഷം ഖന്ദൗലിക്ക് സമീപമുള്ള സേവാല ഗ്രാമത്തിലേക്ക് മടങ്ങുകയായിരുന്നു മിനി ട്രക്കിൽ സഞ്ചരിച്ചിരുന്നവർ. മരിച്ചവരിൽ ഭൂരിഭാഗവും ട്രക്കിൽ സഞ്ചരിച്ചിരുന്നവരാണ്.
പരിക്കേറ്റ പലരുടെയും നില ഗുരുതരമാണെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നുമാണ് അധികൃതർ നൽകുന്ന വിവരം. പരിക്കേറ്റവരെ ഹത്രാസ് ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. അപകടത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.
Discussion about this post