എറണാകുളം : മുഖം മിനുക്കാൻ ഒരുങ്ങി ആലുവ റെയിൽവേ സ്റ്റേഷൻ. പുതിയ പ്രവേശന കവാടവും ലിഫ്റ്റും എസ്കലേറ്ററും അടക്കം ആലുവ സ്റ്റേഷന് പുതിയ രൂപമാറ്റം നൽകാനാണ് ഇന്ത്യൻ റെയിൽവേ തീരുമാനിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം ചേർന്ന റെയിൽവേ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് സ്റ്റേഷൻ നവീകരണവുമായി ബന്ധപ്പെട്ട തീരുമാനമെടുത്തത്.
അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി ആലുവ റെയിൽവേ സ്റ്റേഷന്റെ വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഉന്നതതല യോഗത്തിൽ തീരുമാനമായത്. സ്റ്റേഷന്റെ പടിഞ്ഞാറൻ കവാടം ആധുനിക ശൈലിയിൽ നവീകരിക്കുന്നതിനുള്ള വിശദമായ ഡിപിആർ അടിയന്തരമായി തയ്യാറാക്കാൻ തീരുമാനിച്ചിട്ടുണ്ട്.
ആലുവ സ്റ്റേഷന്റെ തെക്കുഭാഗത്തായി ലിഫ്റ്റ് സ്ഥാപിക്കാനും റെയിൽവേ ഉദ്യോഗസ്ഥരുടെ യോഗത്തിൽ തീരുമാനമായിട്ടുണ്ട്. കൂടാതെ ആലുവയിലെ പാർക്കിംഗ് സൗകര്യത്തിന്റെ കുറവ് പരിഹരിക്കാനായി മൾട്ടിലെവൽ പാർക്കിംഗ് സിസ്റ്റം ഒരുക്കുന്നതിനുള്ള സാധ്യതയും പരിശോധിക്കുന്നതായിരിക്കും. ഇതുകൂടാതെ ആലുവയിൽ വന്ദേഭാരത് ട്രെയിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി റെയിൽവേ ബോർഡിനോട് പ്രത്യേക ആവശ്യം ഉന്നയിക്കും എന്നും ഉന്നത തല യോഗത്തിൽ തീരുമാനമായി.
Discussion about this post