മലപ്പുറം: പള്ളിപ്പുറത്ത് ഇന്ന് വിവാഹം നടക്കാനിരുന്ന യുവാവിനെ കാണാനില്ല. കരുന്തല വീട്ടിൽ വിഷ്ണുജിത് (30) നെയാണ് കാണാതെ ആയത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണെന്നാണ് റിപ്പോർട്ട്.
വിവാഹ ആവശ്യത്തിനായുള്ള പണം സംഘടിപ്പിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതാണ് യുവാവ്. ഈ മാസം നാലിനായിരുന്നു യുവാവ് പാലക്കാട്ടേയ്ക്ക് പോകുകയാണെന്ന് പറഞ്ഞ് പോയത്. ഒരു ലക്ഷം രൂപയും പക്കലുണ്ടായിരുന്നു. എന്നാൽ ഇതിന് ശേഷം യാതൊരു വിവരവും ഇല്ലെന്ന് വീട്ടുകാർ പറയുന്നു.
വിവാഹ ആവശ്യത്തിനായി കുറച്ച് പണം റെഡിയായിട്ടുണ്ടെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും വിഷ്ണുജിത് പോയത് എന്ന് സഹോദരി പറയുന്നു. ഫോൺ ലൊക്കേഷൻ പരിശോധിച്ചപ്പോൾ അന്ന് രാത്രി കഞ്ചിക്കോട് ഉള്ളതായി അറിഞ്ഞു. അന്ന് രാത്രി 8 മണിയ്ക്ക് സുഹൃത്തും പ്രതിശ്രുത വധുവും ഫോണിൽ വിഷ്ണുജിത്തിനെ ബന്ധപ്പെട്ടിരുന്നു. ചെറിയ പ്രശ്‌നം ഉണ്ടെന്നും അത് തീർത്തതിന് ശേഷം വീട്ടിലേക്ക് വരാം എന്നുമായിരുന്നു ഇരുവരോടും പറഞ്ഞത്. എന്നാൽ ഇതിന് ശേഷം ആർക്കും ഫോണിൽ ബന്ധപ്പെടാൻ കഴിഞ്ഞില്ല.
താലിമാലയും, മോതിരവും മാത്രമാണ് വിവാഹത്തിനായി വാങ്ങാൻ ഉണ്ടായിരുന്നത്. വിഷ്ണുജിത്തിന് മറ്റ് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ല എന്നും സഹോദരി വ്യക്തമാക്കി.
Discussion about this post