ആന്ധ്രപ്രദേശ്: ഇന്ത്യൻ സംസ്ഥാനമായ ആന്ധ്രാപ്രദേശിൽ നിന്ന് 1,39,000 വർഷം പഴക്കമുള്ള ശിലായുധങ്ങൾ കണ്ടെത്തിയത് പുരാവസ്തു ഗവേഷകരെ ഞെട്ടിച്ചിരിക്കുകയാണ് . ആധുനിക മനുഷ്യർ ഈ പ്രദേശത്തേക്ക് പോലും എത്തിയിട്ടില്ലാത്ത ഒരു സമയത്ത് സങ്കീർണ്ണമായ ഉപകരണം നിർമ്മിക്കപ്പെട്ടത് എങ്ങനെയെന്ന ചോദ്യമാണ് അവരെ കുഴക്കുന്നത്.
ഉപകരണങ്ങളുടെ കാലപ്പഴക്കം മനസ്സിലാക്കുവാനുള്ള കാർബൺ ഡേറ്റിംഗ് നടത്തിയപ്പോഴാണ് ഏതാണ്ട് ഒന്നര ലക്ഷം വർഷം പഴക്കം ഇവയ്ക്കുണ്ടെന്ന് മനസിലായത് . ശിലായുധങ്ങൾ ആരാണ് നിർമ്മിച്ചതെന്ന് വ്യക്തമല്ല, എന്നാൽ ഇത് ആധുനിക മനുഷ്യരാണെന്ന് ശാസ്ത്രജ്ഞർ കരുതുന്നില്ലെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു.
60,000 നും 70,000 നും ഇടയിൽ വർഷങ്ങൾക്ക് മുമ്പ് ആഫ്രിക്കയിൽ നിന്ന് ഹോമോ സാപ്പിയൻസ് അഥവാ ആധുനിക മനുഷ്യർ മറ്റു പ്രദേശങ്ങളിലേക്ക് കുടിയേറിയതായിട്ടാണ് ശാസ്ത്രം നിലവിൽ വിശ്വസിക്കുന്നത്. നമ്മളെല്ലാവരും ആധുനിക മനുഷ്യൻ അഥവാ ഹോമോ സാപിയൻസിന്റെ പിൻഗാമികൾ ആയാണ് കരുതപ്പെടുന്നത്
ആധുനിക മനുഷ്യർക്ക് മാത്രമേ അത്തരം ഉപകരണങ്ങൾ നിർമ്മിക്കാൻ കഴിയൂ എന്നാണ് അനുമാനിക്കപ്പെട്ടിരുന്നത് . എന്നാൽ പ്രകാശം ജില്ലയിലെ റേത്‌ലപ്പള്ളി എന്ന ഗ്രാമത്തിനടുത്തുള്ള ഒരു ഉത്ഖനനത്തിൽ “മധ്യ-പാലിയോലിത്തിക്ക്” എന്ന് വിളിക്കപ്പെടുന്ന ശിലായുധങ്ങൾ കണ്ടെടുത്തത് ഗവേഷകരെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു . വംശനാശം സംഭവിച്ച ചില പ്രാചീന മനുഷ്യ വർഗ്ഗങ്ങൾക്കും ഉപകരണ നിർമ്മാണ കല അറിയാമായിരുന്നു എന്നാണ് വിദഗ്ധർ ഇപ്പോൾ വിശ്വസിക്കുന്നത്.
ഇന്ത്യൻ, ജർമ്മൻ ശാസ്ത്രജ്ഞരുടെ ഒരു സംഘം PLOS One ജേണലിലാണ് ഈ കണ്ടെത്തലുകൾ പ്രസിദ്ധീകരിച്ചിട്ടുള്ളത്.
Discussion about this post