ന്യൂഡൽഹി : ജിഎസ്ടി കൗൺസിലിൻ്റെ 54-ാമത് യോഗത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന്റെ നേതൃത്വത്തിൽ സുപ്രധാന തീരുമാനങ്ങൾ. കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കുന്നത് ഉൾപ്പെടെയുള്ള പ്രധാന തീരുമാനങ്ങൾ ആണ് ഇന്ന് ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിലുണ്ടായത്. ന്യൂഡൽഹിയിലെ സുഷമ സ്വരാജ് ഭവനിൽ ആണ് ജിഎസ്ടി കൗൺസിൽ യോഗം ചേർന്നത്.
ഓൺലൈൻ ഗെയിമിംഗിൽ നിന്നുള്ള രാജ്യത്തിന്റെ വരുമാനം 412% വർദ്ധിച്ചതായി യോഗത്തിനുശേഷം നടന്ന വാർത്താസമ്മേളനത്തിൽ നിർമ്മല സീതാരാമൻ അറിയിച്ചു. 6 മാസത്തിനുള്ളിൽ 6909 കോടി രൂപയാണ് ഓൺലൈൻ ഗെയിമിംഗിൽ നിന്ന് ഇന്ത്യയ്ക്ക് വരുമാനം ലഭിച്ചത്. ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിന്റെ ജിഎസ്ടി കുറയ്ക്കുന്ന കാര്യത്തിൽ നവംബറിൽ ചേരുന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനമെടുക്കുമെന്നും നിർമ്മല സീതാരാമൻ അറിയിച്ചു.
കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചിട്ടുള്ളത്. കേന്ദ്ര- സംസ്ഥാന സർവകലാശാലകൾക്കുള്ള ജിഎസ്ടി ഒഴിവാക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. 2026 മാർച്ചിന് ശേഷം നിർത്തലാക്കുന്ന നഷ്ടപരിഹാര സെസ് സംബന്ധിച്ച പ്രശ്‌നം കൈകാര്യം ചെയ്യാൻ ഒരു ജിഒഎം രൂപീകരിക്കുമെന്നും നിർമല സീതാരാമൻ അറിയിച്ചു.
Discussion about this post