ഹരിയാന: വിനേഷ് ഫോഗാട്ട് കോൺഗ്രസ്സിൽ ചേർന്നത് തെറ്റാണെന്ന് തുറന്നു പറഞ്ഞ് അവരുടെ അമ്മാവനും ഗുരുവുമായ മഹാവീർ ഫോഗാട്ട്. അവൾക്ക് ഏറ്റവും കുറഞ്ഞത് 2028 വരെ കാത്തിരിക്കാമായിരുന്നുവെന്നും ഇപ്പോൾ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിട്ട് എന്ത് പ്രയോജനം ആണ് കായിക മേഖലക്ക് ലഭിക്കാൻ പോകുന്നതെന്നും മഹാവീർ ഫോഗാട്ട് ചോദിച്ചു. 2016 ൽ അമീർ ഖാൻ അഭിനയിച്ച ദംഗൽ എന്ന സൂപ്പർ ഹിറ്റ് സിനിമ മഹാവീർ ഫോഗാട്ടിന്റെ കഥയാണ് പറഞ്ഞത്.
അതേസമയം താങ്കളുടെ മകൾ ബബിതാ ഫോഗാട്ട് രാഷ്ട്രീയത്തിൽ ഉണ്ടല്ലോ എന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ ഉത്തരം ഇതായിരുന്നു.
ഞാൻ അന്താരാഷ്ട്ര തലത്തിൽ വരെ കളിക്കാരെ പരിശീലിപ്പിച്ചിട്ടുണ്ട്. 2016 ന് മുമ്പ് കോൺഗ്രസ് സർക്കാർ ആയിരിന്നു ഭരിച്ചിരുന്നത്. ഗുസ്തി മത്സരത്തിന് വേണ്ടി ഒരു പായ പോലും ഞങ്ങൾക്ക് അക്കാലത്ത് കിട്ടിയിരുന്നില്ല. അതുകൊണ്ടാണ് എൻ്റെ മകൾ ബബിത ഫോഗട്ട് 2019 ലെ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. ബി ജെ പി അധികാരത്തിൽ വന്നതിനു ശേഷമാണ് ഞങ്ങൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു തന്നത്.
മുൻ മുഖ്യമന്ത്രി ഭൂപേന്ദർ സിംഗ് ഹൂഡയെയും ദീപേന്ദർ സിംഗ് ഹൂഡയെയും മഹാവീർ ഫോഗാട്ട് വിമർശിച്ചു.
ഇന്ന് ഇവർ ഞങ്ങളുടെ പെൺമക്കളുടെ ക്ഷേമത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. അങ്ങനെയാണെങ്കിൽ ജന്തർ മന്തറിൽ പ്രതിഷേധം നടക്കുമ്പോൾ എന്തുകൊണ്ട് അദ്ദേഹം അവിടെ ഇരുന്നില്ല? മഹാവീർ ഫോഗാട്ട് തുറന്നടിച്ചു. ഡൽഹിയിലെ ഗുസ്തിക്കാരുടെ സമരം കോൺഗ്രസ് തിരക്കഥ ഒരുക്കിയ നാടകമാണെന്ന് ഭ്രിജ് ഭൂഷൺ സിംഗ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിനു സമാനമായ നിലപാടാണ് ഇപ്പോൾ മഹാവീർ സിംഗും വ്യക്തമാക്കിയിരിക്കുന്നത്.
മഹാവീർ സിംഗിന്റെ അനിയന്റെ മകളാണ് വിനേഷ് ഫോഗാട്ട്. അനിയന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ രണ്ടു മക്കളെയും വളർത്തിയത് മഹാവീർ ഫോഗാട്ട് ആയിരിന്നു.
Discussion about this post