ന്യൂഡൽഹി: കഴിഞ്ഞവർഷമാണ് നമ്മുടെ രാജ്യം ഏകദിനലോകകപ്പ് ക്രിക്കറ്റിന് ആതിഥേയത്വം വഹിച്ചത്. ഫൈനലിൽ ഓസ്‌ട്രേലിയയോട് പരാജയപ്പെട്ട വിഷമം നമ്മൾക്ക് ഉണ്ടെങ്കിലും ലോകകപ്പുമായി ബന്ധപ്പെട്ട് സന്തോഷിക്കാനുള്ള ഒരു റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ലോകകപ്പിന് ആതിഥ്യം വഹിച്ചതോടെ ഇന്ത്യയ്ക്ക് വൻ സാമ്പത്തിക നേട്ടമാണ് ഉണ്ടായത്.
അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസി പുറത്തുവിട്ട സമഗ്ര സാമ്പത്തിക റിപ്പോർട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. ഇന്ത്യയിലെ പത്ത് നഗരങ്ങളിലായി നടന്ന ലോകകപ്പ് വിവിധമേഖലകളിലായി ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലേക്ക് ഏകദേശം 11,637 കോടി രൂപയാണ് സംഭാവ നൽകിയത്. ഇന്ത്യയുടെ വിനോദസഞ്ചാരമേഖലയെ ലോകത്തിന് മുന്നിൽ കൂടുതൽ ഭംഗിയോടെ അവതരിപ്പിക്കാനും മത്സരങ്ങൾകൊണ്ടും പ്രചരണങ്ങൾകൊണ്ടും സാധിച്ചു.
ലോകപ്പിനോടനുബന്ധിച്ച് നേരിട്ടും അല്ലതെയും ഇന്ത്യയിൽ 48,000-ത്തിലധികം ഫുൾ, പാർട്ട് ടൈം ജോലികൾ സൃഷ്ടിച്ചു. ടൂറിസം രംഗം മാത്രം ഏഴായിരം കോടിയിലധികം വരുമാനമാണ് ഉണ്ടാക്കിയത്. മത്സരങ്ങൾ നടന്ന അഹമ്മബാദാബ്,ബംഗളൂരു,ചെന്നൈ,ഡൽഹി,ധരംശാല, ഹൈദരാബാദ്,കൊൽക്കത്ത,ലക്‌നൗ,മുംബൈ,പൂനെ, തുടങ്ങിയ രാജ്യത്തെ പ്രധാന നഗരങ്ങളിൽ വിദേശ-ആഭ്യന്തരസഞ്ചാരികൾ സന്ദർശനം നടത്തിയതാണ് മുതൽക്കൂട്ടായത്. യാത്രകൾ,ഭക്ഷണം,താമസം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ നാലായിരം കോടിയോളം സാമ്പത്തിക വളർച്ചയുണ്ടായി.
ടൂർണമെന്റിൽ റെക്കോർഡുകൾ തകർത്ത് 12.5 ലക്ഷം കാണികൾ എത്തി. ഐസിസി 50 ഓവർ മത്സരത്തിൽ ആദ്യമായാണ് 75 ശതമാനം കാഴചക്കാരുണ്ടാകുന്നതെന്നും റിപ്പോർട്ട് പറഞ്ഞു. അന്താരാഷ്ട്ര സർവേയിൽ പങ്കെടുത്തവരിൽ 55 ശതമാനവും മുമ്പ് ഇന്ത്യ സന്ദർശിച്ചിരുന്നു, എന്നാൽ 19 ശതമാനം കാഴ്ചക്കാരും ഇന്ത്യയിൽ ആദ്യമായി സന്ദർശനം നടത്തിയവരായിരുന്നു.
Discussion about this post