ന്യൂഡൽഹി : റഷ്യയും യുക്രൈനും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ പരിഹാര ചർച്ചയ്ക്കായി ഇന്ത്യ എപ്പോഴും തയ്യാറാണെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. മോസ്‌കോയിൽ നടന്ന എൻഎസ്എകളുടെ നിർണായക യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. യോഗത്തിൽ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും പങ്കെടുത്തിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദി നിർദ്ദേശിച്ച പരിഹാര മാർഗ്ഗങ്ങൾ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി പങ്കുവയ്ക്കും.ഈ സംഘർഷം യുദ്ധഭൂമിയിൽ പരിഹരിക്കപ്പെടുമെന്ന് ഞങ്ങൾ കരുതുന്നില്ല. ചില ഘട്ടങ്ങളിൽ, ചില കൂടിയാലോചനകൾ നല്ലതാണ്. കൂടിയാലോചന നടക്കുമ്പോൾ, പ്രധാന കക്ഷികളായ റഷ്യയും യുക്രൈനും അതിൽ ഉണ്ടായിരിക്കണം. യുദ്ധം അവസാനിപ്പിക്കാൻ ഉപദേശം വേണമെങ്കിൽ, അത് നൽകാൻ ഇന്ത്യ എല്ലായ്‌പ്പോഴും തയ്യാറാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റഷ്യ, യുക്രൈൻ സന്ദർശനങ്ങളിൽ ഇത് ‘യുദ്ധത്തിന്റെ യുഗം’ അല്ലെന്ന് പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റിനോട് പറഞ്ഞതായും ജയശങ്കർ കൂട്ടിച്ചേർത്തു
സംഘർഷം അവസാനിപ്പിക്കാൻ ഏത് രീതിയിലും സഹായിക്കാമെന്ന് യുക്രൈൻ സന്ദർശന വേളയിൽ വ്ളാഡിമിർ സെലൻസ്‌കിയോട് നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. സമാധാനം പുനഃസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങളിലും സജീവ പങ്ക് വഹിക്കാൻ ഇന്ത്യ എല്ലായ്‌പ്പോഴും തയ്യാറാണ്. സംഘർഷം അവസാനിപ്പിക്കുന്നതിന് വ്യക്തിപരമായി സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
അതേസമയം യുക്രൈൻ സംഘർഷവുമായി ബന്ധപ്പെട്ട് താൻ നിരന്തരം ബന്ധപ്പെടുന്ന മൂന്ന് രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നുവെന്ന് വ്ളാഡിമിർ പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ ആത്മാർത്ഥമായി ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Discussion about this post