മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് രാധിക ശരത് കുമാർ. കൂടുതലും തെലുങ്കിലും തമിഴിലുമെല്ലാമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും മലയാള സിനിമയിൽ രാധിക ചെയ്തിട്ടുള്ള വേഷങ്ങളെല്ലാം ഇന്നും ചർച്ച ചെയ്യപ്പെടുന്നതാണ്. നായികാ വേഷത്തിൽ സിനിമയിലേക്ക് കടന്നുവന്ന രാധിക പിന്നീട് വില്ലത്തിയായും സഹനടിയായും അമ്മ വേഷങ്ങളിലും തിളങ്ങിയിട്ടുണ്ട്.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള രാധികയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു. മലയാള സിനിമയിലെ ലൊക്കേഷനിൽ വച്ച് കാരവാനിൽ വച്ച ഒളിക്യാമറയിൽ പകർത്തിയ നടിമാരുടെ ദൃശ്യങ്ങൾ കാണുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. നടിയുടെ സ്വകാര്യ ജീവിതവും പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ള ഒന്നാണ്. രാധികയും തമിഴ് നടൻ വിജയ് കാന്തും തമ്മിലുള്ള പ്രണയകഥ ഏറെ ചർച്ചയായിരുന്നു. അടുത്തിടെ സിനിമാ നിരൂപകനായ പാണ്ഡ്യൻ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് വൈറലാകുന്നത്.
ലണ്ടനിലെ പഠന ശേഷം തമിഴ്‌നാട്ടിൽ തിരിച്ചെത്തിയ സമയത്തായിരുന്നു രാധിക സിനിമാ മേഖലയിലേക്ക് ചുവടുവയ്ക്കുന്നത്. ഭാരതീ രാജ സംവിധാനം ചെയ്ത കിഴക്കയ് പോഗും എന്ന സിനിമയിലാണ് രാധികയുടെ തുടക്കം. ഈ സിനിമ സൂപ്പർ ഹിറ്റായതിന് ശേഷം തെന്നിന്ത്യയിൽ ഏറെ തിരക്കുള്ള നടിയായി രാധിക മാറി. മുൻനിര നടിയായി മാറിയതിന് ശേഷമാണ് സംവിധായകനും നടനും നിർമാതാവുമായ പ്രതാപ് പോത്തനുമായുള്ള രാധികയുടെ വിവാഹം. എന്നാൽ, രണ്ട് വർഷം മാത്രമായിരുന്നു ആ ദാമ്പത്യജീവിതം മുന്നോട്ട് പോയത്. ഇതിന് പിന്നാലെയായിരുന്നു വിജയ്കാന്ത് രാധിക ജോഡി വലിയ ഹിറ്റുകൾ സമ്മാനിക്കുന്നത്. പത്തിലേറെ ചത്രങ്ങൾ അവർ ഒരുമിച്ച് അഭിനയിച്ചു. തുടർന്നുള്ള ഇവരുടെ പ്രണയം കോളിവുഡിൽ വലിയ ചർച്ചാവിഷയമായി മാറിയിരുന്നു.
വിജയ്കാന്തിന് കടം പെരുകിയപ്പോൾ വലിയ രീതിയിൽ സഹായിച്ചതും രാധിക തന്നെയായിരുന്നു. ഒരു സിനിമയുടെ നിർമാണത്തിൽ പണം നഷ്ടപ്പെട്ട വിജയ്കാന്തിനെ അന്ന് നാല് കോടിയിലധികം രൂപ സഹായിച്ചതും രാധികയാണ്. വിജയ്കാന്ത് രാധികയെ വിവാഹം കഴിക്കാനൊരുങ്ങിയപ്പോൾ സുഹൃത്ത് ആണ് വിജയ്കാന്തിനെ തടഞ്ഞത്. ഒരു നടിയെ വിവാഹം കഴിക്കുന്നത് ജീവിതത്തിന് നല്ലതാവില്ലെന്ന് പറഞ്ഞ് വിജയ്കാന്തിനെ പിന്തിരിപ്പിച്ചു. പിന്നീട് വിജയ്കാന്ത് പ്രേമലതയെ വിവാഹം കഴിച്ചു. പ്രണയത്തിലും പണത്തിന്റെ കാര്യത്തിലും വിജയ്കാന്ത് രാധികക്ക് നൽകിയത് ചതിയാണെന്ന് പാണ്ഡ്യൻ പറഞ്ഞു.
Discussion about this post