എറണാകുളം: മലയാളികളുടെ ഓണാഘോഷത്തിൽ വില്ലനാകാൻ മഴയെത്തുന്നു. അടുത്ത ഏഴ് ദിവസവും സംസ്ഥാനത്ത് ശക്തമായ മഴ തുടരും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കുന്നുണ്ട്.
മ്യാൻമറിനും ബംഗ്ലാദേശിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. 24 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഇതിന്റെ സ്വാധീന ഫലമായിട്ടാണ് സംസ്ഥാനത്തും മഴ ലഭിക്കുക. പൂരാടം മുതൽ സംസ്ഥാനത്ത് മഴ സജീവമാകുമെന്നാണ് ഇത് നൽകുന്ന സൂചന.
ന്യൂനമർദ്ദമായി മാറുന്ന ചക്രവാതച്ചുഴി വീണ്ടും ശക്തിപ്രാപിക്കും. തുടർന്ന് തീരദേശ പശ്ചിമ ബംഗാളിനും വടക്കൻ ബംഗാൾ ഉൾക്കടലിനും മുകളിലായി തീവ്ര ന്യുന മർദ്ദമാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു. ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ അതിതീവ്രമാകാനാണ് സാദ്ധ്യത.
മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാദ്ധ്യതയുണ്ട്. ഈ സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പും നൽകുന്നുണ്ട്.












