ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയും പാരാലിമ്പിക്‌സ് ജാവലിൻ ത്രോ സ്വർണ്ണ മെഡൽ ജേതാവ് നവദീപ് സിംഗും തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ശാരീരിക പരിമിതിയുള്ള താരത്തെ പ്രധാനമന്ത്രി സ്വീകരിക്കുകയും ഹസ്തദാനം നൽകുകയും ചെയ്ത രീതി നവമാധ്യമങ്ങളിൽ വലിയ പ്രശംസയ്ക്കാണ് ഇടയാക്കുന്നത്. പാരീസ് പാരാലിമ്പിക്സിൽ പങ്കെടുത്ത എല്ലാ കായിക താരങ്ങളുമായും പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തി.
ജാവലിൻ ത്രോയിൽ സ്വർണ്ണ മെഡൽ നേടിക്കൊണ്ട് ഏറെ ശ്രദ്ധ നേടിയ പാരാ അത്‌ലറ്റ് ആണ് നവദീപ് സിംഗ്. പ്രധാനമന്ത്രിയെ കാണാനായി എത്തിയപ്പോൾ നവദീപ് സിംഗ് ഒരു തൊപ്പി സമ്മാനമായി കൊണ്ടുവന്നിരുന്നു. ആ സമ്മാനം പ്രധാനമന്ത്രി ഏറ്റുവാങ്ങിയ കാഴ്ചയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ തരംഗമാകുന്നത്.
പൊക്കക്കുറവുള്ള നവദീപിന് തന്റെ തലയിൽ തൊപ്പി ധരിപ്പിക്കാൻ ആയി പ്രധാനമന്ത്രി നരേന്ദ്രമോദി താഴെ തറയിൽ ഇരുന്നുകൊടുക്കുകയാണ് ചെയ്തത്. താഴെയിരുന്നു കൊണ്ട് അദ്ദേഹം ആ വിലപ്പെട്ട സമ്മാനം ഏറ്റുവാങ്ങുകയും നവദീപിന് ഹസ്തദാനം നൽകുകയും ചെയ്തു. നിറഞ്ഞ കൈയ്യടികളോടെ ആണ് നവമാധ്യമങ്ങൾ പ്രധാനമന്ത്രിയുടെ ഈ പ്രവൃത്തിയെ സ്വീകരിച്ചത്.
Discussion about this post