ന്യൂഡൽഹി:ഏതാനും ആഴ്ചകൾക്ക് മുമ്പാണ് യഥാർത്ഥ നിയന്ത്രണ രേഖയിൽ ഇന്ത്യ-ചൈന സൈനികർ തമ്മിലുള്ള സൈനിക തർക്കം പരിഹരിക്കാനുള്ള ചർച്ചകളിൽ കാര്യമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് ഇരു രാജ്യങ്ങളും അറിയിച്ചത്. ഈ നിർണ്ണായകമായ അറിയിപ്പ് വന്ന് വെറും രണ്ടാഴ്ചയ്ക്ക് ശേഷം ശ്രദ്ധേയമായ മറ്റൊരു പരമർശവുമായി രംഗത്ത് വന്നിരിക്കുകയാണ് വിദേശ കാര്യ വകുപ്പ് മന്ത്രി എസ് ജയശങ്കർ. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ഏതാണ്ട് 75 ശതമാനത്തോളം പരിഹരിച്ചു എന്ന പരാമർശമാണ് ജയശങ്കറിന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. ഇന്ത്യയുടെ സുരക്ഷാ നയവുമായി ബന്ധപ്പെട്ട ജനീവ സമ്മേളനത്തിൽ സംസാരിക്കുകയായിരിന്നു ജയശങ്കർ.
ലോകത്തെ ഏറ്റവും ജനസംഖ്യ പേറുന്ന രണ്ടു, ആദ്യ രണ്ട് സമ്പദ് വ്യവസ്ഥകൾ തമ്മിലുള്ള ഈ സന്ധി സംഭാഷണത്തെ ലോകവും രാജ്യവും പ്രതീക്ഷയോടെയാണ് ഉറ്റു നോക്കുന്നത്.അതെ സമയം അതിർത്തിയിലെ വർദ്ധിച്ചുവരുന്ന സൈനിക വൽക്കരണം ഇപ്പോഴും ഗുരുതരമായ പ്രശ്നമായി തുടരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നാല് വർഷത്തെ ചർച്ചകൾക്ക് ശേഷം ഇതാദ്യമായാണ് വിദേശകാര്യ മന്ത്രി ചർച്ചകളുടെ പുരോഗതി കണക്കാക്കുന്നത്. കഴിഞ്ഞ രണ്ട് വർഷമായി നടന്നു വരുന്ന ചർച്ചകളുടെ സങ്കീർണ്ണതയും ബുദ്ധിമുട്ടും ആണ് ഈ കാലദൈർഘ്യം വ്യക്തമാക്കുന്നതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്.
ജയശങ്കർ ജനീവയിൽ സംസാരിച്ചു മണിക്കൂറുകൾക്ക് ശേഷം, റഷ്യയിലെ സെൻ്റ് പീറ്റേഴ്‌സ്ബർഗിൽ നടന്ന ബ്രിക്‌സ് എൻഎസ്എകളുടെ യോഗത്തോടനുബന്ധിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ചൈനീസ് വിദേശ കാര്യ മന്ത്രി വാങ് യിയെയും കണ്ടിരുന്നു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) അവശേഷിക്കുന്ന പ്രശ്‌നങ്ങൾക്ക് നേരത്തെയുള്ള പരിഹാരം കണ്ടെത്തുന്നതിനുള്ള സമീപകാല ശ്രമങ്ങൾ അവലോകനം ചെയ്യാൻ കൂടിക്കാഴ്ച ഇരുപക്ഷത്തിനും അവസരം നൽകിയതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു
Discussion about this post