ന്യൂഡൽഹി : ശതകോടീശ്വരൻ ഗൗതം അദാനിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ഹിൻഡൻബർഗ്. അദാനിയുമായി ബന്ധപ്പെട്ട അഞ്ച് അക്കൗണ്ടുകൾ സ്വിസ് അധികൃതർ മരപ്പിവിച്ചതായാണ് ഹിൻഡൻബർഗ് പറയുന്നത്.
അദാനിക്കെതിരായ കള്ളപ്പണം വെളുപ്പിക്കൽ, സെക്യൂരിറ്റീസ് വ്യാജരേഖാ അന്വേഷണം എന്നിവയുടെ ഭാഗമായാണ് അക്കൗണ്ടുകൾ മരവിപ്പിച്ചത്. ഒന്നിലധികം സ്വിസ് ബാങ്ക് അക്കൗണ്ടുകളിലായി 310 മില്യൺ ഡോളറിലധികം ഫണ്ടാണ് സ്വിസ് അധികൃതർ മരവിപ്പിച്ചിരിക്കുന്നത് എന്ന് ഹിൻഡൻബർഗ് പോസ്റ്റിൽ പറയുന്നു.
ബി വി ഐ മൗറീഷ്യസ് , ബെർമുഡ എന്നിവിടങ്ങളിൽ അദാനി ഗ്രൂപ്പ് നിക്ഷേപം നടത്തിയത് എങ്ങനെയാണെന്ന് 2021 ൽ പ്രേസിക്യൂട്ടർമാർ വിശദമാക്കിയതായും ഹിൻഡർബർഗ് പറയുന്നു. സ്വിസ് മീഡിയ ഔട്ടലെറ്റ് പുറത്തുവിട്ട റിപ്പോർട്ടുകളും സ്വിസ് ക്രിമിനൽ കോടതിയുടെ കൈവശമുള്ള രേഖകളെയും ഉദ്ധരിച്ചായിരുന്നു പ്രോസിക്യൂട്ടർമാർ വിശദീകരണം നൽകിയതെന്നും ഹിൻഡൻബർഗ് വ്യക്തമാക്കി.
എന്നാൽ അദാനി ഗ്രൂപ്പ് ഈ അവകാശവാദങ്ങൾ നിഷേധിച്ച് രംഗത്ത് വന്നു. ഞങ്ങളുടെ കമ്പനി അക്കൗണ്ടുകളൊന്നും ഏതെങ്കിലും അതോറിറ്റിയുടെ സീക്വസ്‌ട്രേഷന് വിധേയമായിട്ടില്ല . സുതാര്യമായ രീതിയിലാണ് കമ്പനിയുടെ മുഴുവൻ വിദേശ നിക്ഷേപങ്ങളെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി.
2023 ജനുവരിയിൽ അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട കമ്പനികൾ ഓഹരി വിപണിയിൽ കൃത്രിമത്വവും തട്ടിപ്പും നടത്തിയെന്ന് ഹിൻഡൻബർഗ് ആരോപിച്ചിരുന്നു. കൂടാതെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബി ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനെതിരെയും ഹിൻഡൻബർഗ് വെളിപ്പെടുത്തൽ നടത്തിയിരുന്നു. അദാനി കമ്പനികളുടെ വിദേശത്തെ രഹസ്യ സ്ഥാപനങ്ങളിൽ ബുച്ചിന് നിക്ഷേപമുണ്ടായിരുന്നായിരുന്നു റിപ്പോർട്ട്. എന്നാൽ ഈ ആരോപണങ്ങൾ അദാനി ഗ്രൂപ്പ് തള്ളിയിരുന്നു.
Discussion about this post