തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് കഴിവ് നഷ്ടപ്പെട്ട സര്‍ക്കാരിന്റെ ബജറ്റെന്ന് മുന്‍ ധനകാര്യമന്ത്രി ടിഎം തോമസ് ഐസക്ക്. കേരളത്തിന്റെ സാമ്പത്തിക രംഗം ഗുരുതരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഇതില്‍ ക്രിയാത്മകമായി ഇടപെടാന്‍ സര്‍ക്കാരിനായില്ല. ഇതിനുള്ള കഴിവില്ലായ്മ പ്രകടമാക്കുന്നതായിരുന്നു ബജറ്റെന്ന് നിയമസഭയിലെ മീഡിയ റൂമില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക് ആരോപിച്ചു.
മുന്‍കാലത്തെ അപേക്ഷിച്ച് വളര്‍ച്ച കുറവാണ്. യാതാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങളെ കാണാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ലെന്നും ഐസക്ക് കുറ്റപ്പെടുത്തി ആസിയാന്‍ കരാറിനെ പിന്തുണച്ച യുഡിഎഫ് നാണ്യവിളകളുടെ വിലയിടിവിന് മറുപടി പറയണമെന്നും ഐസക് പറഞ്ഞു.
പദ്ധതി ചെലവ് കുത്തനെ താഴ്ന്നു. പ്രതിസന്ധിയില്‍ ഇടപെടാന്‍ സാര്‍ക്കാരിന് കഴിയുന്നില്ല. നികുതി പിരിച്ചെടുക്കാന്‍ പോലും സര്‍ക്കാരിനാവുന്നില്ല. കേരളത്തിലെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് ഇന്ത്യന്‍ ശരാശരിയേക്കാള്‍ രണ്ട് മടങ്ങ് താഴെയാണ്. ദേശീയതലത്തിലുള്ള മുരടിപ്പിന്റെ പ്രതിഫലനമാണ് സംസ്ഥാനത്തും പ്രകടമാകുന്നത് എന്ന് പറയുന്നവര്‍, ദേശീയ ശരാശരി പോലും കൈവരിക്കാന്‍ കേരളത്തിന് സാധിച്ചില്ല എന്ന് മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ബജറ്റിനെ പ്രതിപക്ഷം ബഹിഷ്‌കരിച്ചിരുന്നു.
Discussion about this post